മാളയിലെ കൊലപാതകം: അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമം

klm-CRIMEമാള: പുത്തന്‍ചിറ പിണ്ടാണിയില്‍ ആസാം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. കൊല നടത്തിയിട്ടുള്ള മനോജാണ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായി കൊല്ലപ്പെട്ട ഉമാനാഥിന്റെ ദേഹത്ത് മനോജിന്റെ വസ്ത്രം ധരിപ്പിച്ചശേഷമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്. കൂടാതെ ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം കത്തിച്ച് വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്നും കാണാതായിരിക്കുന്ന മനോജ് സ്വന്തം ബാഗും സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞിരിക്കുന്നത്. ഇതുപ്രകാരം കൊല്ലപ്പെട്ടതു മനോജാണെന്ന ധാരണയില്‍ പോലീസിന്റെ ആദ്യമണിക്കൂറിലെ അന്വേഷണം ഉമാനാഥിനെ ചുറ്റിപ്പറ്റിയായിരുന്നു.     ഉമാനാഥാണ് പ്രതിയെന്ന ധാരണയില്‍ പോലീസ് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തു.

എന്നാല്‍ ഇരുവരെയും പിണ്ടാണിയിലെ വീട്ടിലേക്ക് ജോലിക്ക് അയച്ച വ്യക്തി എത്തിയതോടെയാണ് കൊല്ലപ്പെട്ടത് ഉമാനാഥാണെന്നും കൊലനടത്തിയിരിക്കുന്നത് മനോജാണെന്നും പോലീസിന് ബോധ്യപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റിനായി ക്ലീന്‍ ചെയ്തതോടെ വീട്ടുകാരും ഉമാനാഥിന്റെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. വിവിധ ടീമുകളായി തിരിഞ്ഞ് പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തിയിട്ടും യതൊരു പുരോഗമനവും അന്വേഷണത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

Related posts