നാദാപുരം: തെളിവെടുപ്പ് പൂര്‍ത്തിയായതോടെ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചേല്‍പ്പിക്കുന്നതിനായി പോലീസ് സംഘം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ഇന്നു രാവിലെ 8.15 ഓടെയാണ് തണ്ടര്‍ ബോള്‍ട്ടിന്റെയും കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും കനത്ത സുരക്ഷയില്‍ പോലീസ് രൂപേഷിനെയും കൊണ്ട്് നാദാപുരത്തുനിന്നു പുറപ്പെട്ടത്്. തുടര്‍ന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയശേഷം കോയമ്പത്തൂരിലേക്ക് തിരിച്ചു.
നാല് ദിവസത്തേക്കായിരുന്നു രൂപേഷിനെ കോടതി തെളിവെടുപ്പിനായി നാദാപുരം എഎസ്പി ആര്‍.കറുപ്പസാമിയുടെ കസ്റ്റഡിയില്‍ വിട്ടത്. 2014ല്‍ വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ വിലങ്ങാട് പാനോത്തും, പന്ന്യേരിയിലും രൂപേഷിനെ എത്തിച്ച് ഇന്നലെയോടെ പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കോളനിവാസികള്‍ രൂപേഷിനെ തിരിച്ചറിയുകയും പോലീസ് ഇവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
പാനോം, പന്ന്യേരി കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തതിനാണ് പോലീസ് രൂപേഷിനും കൂടേ ഉണ്ടായിരുന്ന സ്ത്രീ അടക്കം നാല് പേര്‍ക്കുമെതിരെ കേസെടുത്തത്. രണ്ട് തവണയാണ് രൂപേഷിന്റെ നേതൃത്വത്തില്‍ മാവോയിസ്റ്റുകള്‍ കോളനികളിലെത്തിയത്.