മാറനല്ലൂർ: ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന മാറനല്ലൂർ- മലവിള പാലം തകർച്ചയുടെ വക്കിലെത്തിയിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ലെന്നു ആക്ഷേപം.തിരുവനന്തപുരത്ത് നിന്ന് മലയോര മേഖലയായ അന്പൂരിയിലുൾപ്പെടെ എത്താവുന്ന ദൂരം ഏറെ കുറവുള്ള മറനല്ലൂർ -അരുവിക്കര റോഡിലാണ് മലവിളപാലം സ്ഥിതിചെയ്യുന്നത്.
രണ്ടു നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമായിട്ടും പാലത്തിനോടുള്ള അവഗണന തുടരുകയാണ് .കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലംപൊളിച്ച് പണിയുന്നതിന് തുക അനുവദിച്ചെങ്കിലും പണിതുടങ്ങാനായില്ല. തുടർന്ന് വന്ന സർക്കാർ രണ്ടുബജറ്റുകളിലായി നാലു കോടിയോളം രൂപ അനുവദിച്ചെങ്കിലും നിർമാണം മാത്രം തുടങ്ങിയില്ല.
നിരവധി വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകുന്നുണ്ടെങ്കിലും ഒരേ സമയം രണ്ടു വഹനങ്ങൾക്ക് പാലത്തിലൂടെ സഞ്ചരിക്കാൻ സാധ്യമല്ല. പാലത്തിന്റെ വീതിക്കുറവ് കൊണ്ട് കെഎസ്ആടിസി ബസുകളുൾപ്പെടെ സംരക്ഷണ ഭിത്തികളിൽ പലതവണ ഇടിച്ചതായി നാട്ടുകാർ പറയുന്നു.
മാറനല്ലൂർ പ്ലാവൂർ റോഡിന്റെ വികസനം കൂടി ഉണ്ടായപ്പോൾ റോഡ് ഉയർന്ന് രണ്ട് അടിയോളം പൊങ്ങി. കാൽനടയായി എത്തുന്നവർ ഒന്ന് കാൽതെറ്റിയാൽ 50 അടയോളം താഴ്ചയുള്ള കനാലിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഭാരമുള്ള കല്ലുകളുമായി ലോറികൾ പായുന്നതിനാൽ പാലത്തിന്റെ അടിഭാഗം തകർന്ന അവസ്ഥയിലാണ്. എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നു അല്ലാത്ത പക്ഷം സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നു നാട്ടുകാർ പറയുന്നു.