മില്‍ട്ടന്റെ കൊലപാതകം: സഹോദരനായി അന്വേഷണം ഊര്‍ജിതമാക്കി

ekm-crimeമട്ടാഞ്ചേരി: ചുള്ളിക്കല്‍ മദര്‍ തെരേസ ജംഗ്ഷനു സമീപം വാരിക്കകത്ത് മില്‍ട്ടന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മില്‍ട്ടന്റ മൂത്ത സഹോദരന്‍ ബാബു എന്ന വിന്‍സെന്റ് (54)നെയാണ് പോലീസ് തിരയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബാബുവിനെ പോലീസ് സംശയിച്ചിരുന്നു.  സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇയാള്‍ക്കെതിരാണെന്നും പോലീസ് പറഞ്ഞു.

മില്‍ട്ടന്‍ കൊല്ലപ്പെട്ടുവെന്നു പറയുന്ന ദിവസം ഇവരുടെ പിതാവിന്റെ സഹോദരന് അടുത്ത് ചെന്ന ബാബു മില്‍ട്ടന്‍ കൊല്ലപ്പെട്ടുവെന്ന് അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട്, ഒരാഴ്ചക്കുശേഷമാണ് മില്‍ട്ടന്റെ മൃതദേഹം കണ്ടെത്തുന്നത്. ബാബു ചിലരോട് ഇതേപ്പറ്റി ഫോണില്‍ സംസാരിച്ച വിവരങ്ങള്‍ റെക്കോര്‍ഡുചെയ്യപ്പെട്ടിട്ടുണെ്ടന്നും പോലീസ് പറഞ്ഞു. ബാബു മുങ്ങിയ ദിവസം മുതല്‍ പോലീസ് പിന്നാലെയുണ്ടായെങ്കിലും പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ തലനാരിഴക്കു രക്ഷ പെടുകയായിരുന്നു.

പള്ളുരുത്തി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ സംഘമാണ് കേസന്വേഷിക്കുന്നത്. ബാബു അയല്‍ ജില്ലയിലേക്കു കടന്നിരിക്കാമെന്ന സാധ്യതയില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും ഇയാളുടെ വിവരം കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട മില്‍ട്ടന്റെ ശരീരത്തില്‍ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. ബാബു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതും അന്വേഷണത്തെപ്രതികൂലമായി ബാധിക്കുന്നുണ്ട്.

Related posts