മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൊളാര്‍ഡിന്റെയും രോഹിത് ശര്‍മയുടെയും മികവില്‍ മുംബൈ ഇന്ത്യന്‍സിനു നാലാം ജയം. കരുത്തരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് സ്വന്തം മൈതാനത്തു മിന്നിത്തിളങ്ങിയത്. സ്‌കോര്‍: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 20 ഓവറില്‍ അഞ്ചിന് 174. മുംബൈ ഇന്ത്യന്‍സ്- 18 ഓവറില്‍ നാലിന് 178.
49 പന്തില്‍ 68 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത് ശര്‍മയുടെയും കേവലം 17 പന്തില്‍ 51 റണ്‍സെടുത്ത കെയ്‌റോണ്‍ പൊളാര്‍ഡിന്റെയും മികവിലാണ് മുംബൈ നാലാം ജയമാഘോഷിച്ചത്.
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്, കോല്‍ക്കത്തയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും ഗൗതം ഗംഭീറും കോല്‍ക്കത്തയ്ക്കു നല്‍കിയത്. ഉത്തപ്പ 20 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സുമടക്കം 36 റണ്‍സ് നേടിയപ്പോള്‍ ഗംഭീര്‍ 45 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 59 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇരുവരും പുറത്തായ ശേഷം വലിയ സ്‌കോറിലേക്കെത്താന്‍ കോല്‍ക്കത്തയ്ക്കു കഴിയാതെ പോയി. ആന്ദ്രെ റസല്‍ 22ഉം യൂസഫ് പഠാന്‍ 19ഉം റണ്‍സ് നേടി പുറത്തായി.
മുംബൈക്കു വേണ്ടി ടിം സൗത്ത് രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കു തുടക്കത്തിലേ ഒരു റണ്‍ എടുത്ത പാര്‍ഥിവ് പട്ടേലിനെ നഷ്ടമായി. എന്നാല്‍, അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ നടത്തിയ പോരാട്ടം മുംബൈക്കു മേല്‍ക്കൈ സമ്മാനിച്ചു. 20 പന്തില്‍ 32 റണ്‍സെടുത്ത റായുഡു പുറത്തായ പിന്നാലെയെത്തിയ ക്രുണാല്‍ പാണ്ഡ്യക്കും(6) ജയിംസ് പട്ട്‌ലര്‍ക്കും(15) കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍, പൊളാര്‍ഡ് രോഹിതിനു കൂട്ടായതോടെ കാര്യങ്ങള്‍ എളുപ്പമായി. കോല്‍ക്കത്ത ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച പൊളാര്‍ഡിന്റെ ബാറ്റില്‍നിന്ന് ആറു സിക്‌സും രണ്ടു ബൗണ്ടറിയും പിറന്നു. രോഹിതിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും എട്ടു ബൗണ്ടറിയുമുണ്ടായിരുന്നു. കോല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റ് നേടി.ഇന്നത്തെ മത്സരം- പൂന- ഗുജറാത്ത് (രത്രി എട്ടിന്)