കോഴിക്കോട്: സിപിഎം പിബി അംഗം പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാലിക്കട്ട് പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായിക്ക് മറുപടി നല്‍കിയത്. കോണ്‍ഗ്രസും ബിജെപിയും രഹസ്യ ധാരണയുണ്ടാക്കിയെന്ന പിണറായി വിജയന്റെ ആരോപണങ്ങള്‍ക്കെതിരേയാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട് ആഞ്ഞടിച്ചത്. ചരിത്രം മറക്കരുതെന്നാണ് പിണറായിയോട് മുഖ്യമന്ത്രി പറഞ്ഞത്.
1977ല്‍ ജനസംഘുമായി സിപിഎം മുന്നണിയില്‍ മത്സരിച്ചത് മറക്കരുതെന്നാണ്് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീട് 1989ല്‍ രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ബിജെപിയുമായി കമ്മ്യൂണിസ്റ്റുകാര്‍ കൂട്ടുകൂടി. അതിന്റെ ഫലമായിട്ടാണ് വി.പി. സിംഗ് അധികാരത്തിലെത്തിയതെന്ന് കേരളത്തിലെ സിപിഎമ്മുകാര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2008ല്‍ ആണവക്കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സിപിഎം വീണ്ടും ബിജെപിയുമായി കൂട്ടുകൂടിയിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം അസഹിഷ്ണുതയ്ക്കെതിരെ പ്രസംഗിക്കുന്ന സിപിഎം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുടെ കൂടെ നല്ക്കാതെ ഒറ്റയ്ക്ക് മത്സരിക്കുയാണുണ്ടായത്.
ഇത് വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് വഴി വയ്ക്കുകയും ബിജെപിക്ക് 11 സീറ്റ് നേടിക്കൊടുക്കുകയും ചെയ്തു. ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ട് സിപിഎം ആരോപിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണ്. രണ്ട് ദിവസത്തിനകം ഇത് തിരുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.