മുണ്ടക്കയം: കഞ്ചാവ്, പാന്‍മസാല ലഹരിയുടെ ഇടനിലക്കാര്‍ മുണ്ടക്കയത്തു വിലസുന്നു. കിറുങ്ങാന്‍ ഏറ്റവും സുഖകരവും സുരക്ഷിതവുമായ കഞ്ചാവിന്റെ ലഹരിക്കായി ചെറുപ്പക്കാര്‍ ഓടുമ്പോള്‍ അവരെ കണ്ടെത്തി വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ മേഖലയില്‍ പെരുകുകയാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറി, ഇറച്ചിക്കോഴി എന്നിവയുടെ ലോഡിലാണ് കഞ്ചാവും പാന്‍മസാലയും മുണ്ടക്കയത്ത് കൂടുതലായി എത്തുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചെക്കുപോസ്റ്റുകള്‍ താണ്ടിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സ്ഥിരമായി എത്തുന്നതിനാല്‍ പരിചയമുഖത്തിന്റെ പേരില്‍ വാഹന പരിശോധന കാര്യമായി നടക്കാറില്ല എന്നതിനാല്‍ കൂടുതല്‍ അളവിലാണ് ലഹരി ഉത്പന്നങ്ങള്‍ മുണ്ടക്കയത്ത് എത്തുന്നത്.
കൂടാതെ തമിഴ്‌നാട്ടിലെ കമ്പത്തും കേരളത്തില്‍ കട്ടപ്പന, വണ്ടന്‍മേട് എന്നിവിടങ്ങളിലും പോയി കഞ്ചാവ് ചെറിയ അളവില്‍ വാങ്ങി ചില്ലറ വില്‍പ്പനയും മുണ്ടക്കയം മേഖലയില്‍ സജീവമായി നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു ഇവിടെ കഞ്ചാവ് എത്തിച്ചുനല്‍കുന്ന നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈറേഞ്ചിറങ്ങി വന്ന കഞ്ചാവ് ഇന്നു നാട്ടിലെ പ്രധാന ലഹരിയായി മാറിയിരിക്കുകയാണ്. പാന്‍ മസാലയ്ക്കു വില്‍പ്പന നിരോധനമുണ്ടായിട്ടും ഒളിഞ്ഞും തെളിഞ്ഞും വില്‍പ്പന നടത്തുന്ന വ്യാപാരികളും മുണ്ടക്കയത്ത് സജീവം തന്നെ. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞു അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ലഹരിയെത്തിക്കുന്നതില്‍ മത്സരിക്കുകയാണ് ലഹരി കച്ചവടക്കാര്‍.
കച്ചവടം മത്സരമായതോടെ ഉപയോക്താക്കള്‍ക്ക് വിലകുറച്ചും അളവുകൂട്ടിയും വില്‍പ്പന നടത്താനും ഇത്തരക്കാര്‍ താത്പര്യമെടുക്കുന്നു. കഞ്ചാവു വില്‍പനയുടെ പേരില്‍ ഏജന്റുമാരും ഇടനിലക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നതും പതിവാണ്. കഞ്ചാവിന്റെ പേരില്‍ പണം തട്ടിയാലോ സംഘര്‍ഷമുണ്ടായാലോ ഇത്തരക്കാര്‍ പരാതിയുമായി രംഗത്തു വരാറില്ല. അത് ഇത്തരക്കാരില്‍ തട്ടിപ്പും സജീവമാകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് മുണ്ടക്കയം ചെളിക്കുഴി ഭാഗത്തെ ഒരു സംഘത്തിനായി നാനൂറുഗ്രാം കഞ്ചാവുമായി തമിഴ്‌നാട്ടില്‍നിന്നെത്തിയ യുവാവ് കഞ്ചാവു കൈമാറി പതിനായിരത്തോളം രൂപയും വാങ്ങി അമ്പതു മീറ്റര്‍ നീങ്ങിയതോടെ സംഘം പിന്‍തുടര്‍ന്ന് അയാളില്‍ നിന്നു പണം പിടിച്ചുവാങ്ങി.
ഇതേച്ചൊല്ലി സംഘര്‍ഷമാവുകയും നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നു പ്രതികളെ പിടികൂടുകയുമായിരുന്നു. ഇത് പോലീസ് നടത്തിയ വീരകഥകളായി പുറംലോകമറിഞ്ഞെങ്കിലും പിടിച്ചുപറിക്കാരായ ആളുകളെ കണ്ടെത്താനോ പിടികൂടാനോ പോലീസിനു കഴിഞ്ഞില്ല. മുണ്ടക്കയം ടൗണില്‍ മൊത്തക്കച്ചവടം നടത്തുന്ന സ്‌റ്റേഷനറി കടയുടമയുടെ വീട്ടില്‍ നിന്ന് ഒന്നര ചാക്കോളം പാന്‍മസാലയാണ് കഴിഞ്ഞ ദിവസം മുണ്ടക്കയം എക്‌സൈസ് സംഘം പിടികൂടിയത്. ആയിരത്തി അഞ്ഞൂറോളം പാക്കറ്റ് പാന്‍മസാല പിടികൂടിയ എക്‌സൈസ് സംഘത്തിന് ഇരുന്നൂറു രൂപ മാത്രമേ പിഴ ഈടാക്കാന്‍ കഴിയൂവെന്നതിനാല്‍ മുണ്ടക്കയം പോലീസിനു കൈമാറുകയായിരുന്നു.
എന്നാല്‍ പ്രതിയെയും ലഹരി പാക്കറ്റുകളും ലഭിച്ച പോലീസ് 1500 എന്നത് 150 പാക്കറ്റാക്കി ചുരുക്കിയതായും പ്രതിക്ക് ആവശ്യമായ സൗകര്യമൊരുക്കിയതായും ആക്ഷേപമുണ്ട്. ഇതിന്റ പേരില്‍ പോലീസും എക്‌സൈസും കൊമ്പുകോര്‍ക്കുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്.