വളപട്ടണം: ഓര്‍മകള്‍ പെയ്തിറങ്ങിയ അക്ഷരമുറ്റത്തു ചാരം മൂടിക്കിടന്നിരുന്ന ബാല്യകാല സ്മരണകള്‍ മുത്തച്ഛന്മാര് പുതുതലമുറയ്ക്ക് കൈമാറിയപ്പോള്‍ വിദ്യാര്‍ഥികളില്‍ അമ്പരപ്പ്. പഴയതലമുറയിലെ ത്യാഗത്തിന്റെ കഥകള്‍ മുത്തച്ഛന്മാര് വികാരത്തോടെ അവതരിപ്പിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ സാകൂതം ശ്രവിച്ചു. ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ചു വളപട്ടണം താജുല്‍ഉലൂം ഹൈസ്കൂളിലാണു മുത്തച്ഛന്മാര് അധ്യാപകരായെത്തി “ഇന്നലെയുടെ നന്മകള് നാളേക്കു വേണ്ടി’ എന്ന പരിപാടി അരങ്ങേറിയത്.
പുതിയ തലമുറയ്ക്കു സത്യവും സ്നേഹവും കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്നും മൂല്യച്യുതി എല്ലായിടത്തും നടമാടുകയാണെന്നും കൂടലൂരിലെ യൂസഫ് റഹ്മാനി കുട്ടികളോടു പറഞ്ഞു. പഴയതലമുറ ഭക്ഷണത്തിനു വേണ്ടി അലഞ്ഞപ്പോള്‍ പുതുതലമുറയിലുള്ള കുട്ടികള്‍ക്കു ഭക്ഷണം കഴിക്കാത്തതിനാണു തല്ലുകിട്ടുന്നത്. മുത്തശ്ശനേയും മുത്തശിയേയും അന്യനെപോലെ കാണുന്ന തലമുറയാണ് ഇവിടെയുള്ളത്. അവര്‍ ആഹാരം കഴിച്ച പാത്രങ്ങളില്‍ പോലും ഇപ്പോഴത്തെ ജനറേഷനിലുള്ള കുട്ടികള്‍ കഴിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങളും ഉടുപ്പുമില്ലാതെ അയല്പക്കക്കാരോട് കടംവാങ്ങി സ്കൂളില്‍ പോയ കഥയാണ് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സിലെ കാന്റീന് ജീവനക്കാരനായ എം. ബഷീറിനു പറയാനുണ്ടായത്. ഇന്നു കൈനിറയെ പണവുമായിട്ടാണു പലരും മക്കളെ സ്കൂളിലേക്കും കോളജിലേക്കും അയക്കുന്നത്. ഇതു വരാനിരിക്കുന്ന ദുരന്ത ദിനങ്ങളുടെ മുന്നറിയിപ്പായി കരുതിയില്ലെങ്കില്‍ നമ്മുടെ സമൂഹം ജീര്ണതയില് കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ രക്ഷിതാക്കള്‍ മക്കള്‍ക്കു വേണ്ടി എന്തും സാധിച്ചുകൊടുക്കുന്ന സാഹചര്യത്തിലേക്കു കാലംമാറിയെന്നും അദ്ദേഹം പറഞ്ഞു.
പഴയകാലങ്ങളില്‍ വിദ്യാഭ്യാസം യാതനകള്‍ സഹിച്ചാണു സ്കൂളിലേക്കും മറ്റും എത്തിയിരുന്നതെന്നു വളപട്ടണം ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപകന് കെ. ദാമോദരന്‍ പറഞ്ഞു. ജീവിത സാഹചര്യങ്ങളിലുള്ള മാറ്റം ഭയാനകമായ രീതിയിലാണു പോകുന്നതെന്നും നമ്മുടെ നാടിനെയും വീട്ടുകാരെയും കുറിച്ചു കുട്ടികള്‍ നല്ലരീതിയില്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഴയകാല മൂല്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്നായിരുന്നു റിട്ട. തഹസില്‍ദാര്‍ സി.പി. അബ്ദുറഹ്മാന്റെ പരിഭവം. വിദ്യാര്‍ഥികള്‍ നേരെയായാല്‍ രാജ്യവും നേരെയാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ എം.കെ. സര്‍ണില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ടി.ബി. അബ്ദുള്‍ സത്താര്‍ ഹാജി, സെയ്ദ് പൂത്തങ്ങള് എന്നിവര്‍ പ്രസംഗിച്ചു.