മുത്തശിയുടെ സംസ്കാര ചടങ്ങിനായി പ്രിയങ്ക ചോപ്ര കോട്ടയത്തെത്തി

l-priyankaചിങ്ങവനം/കുമരകം: കഴിഞ്ഞ ദിവസം അന്തരിച്ച മുത്തശിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര കോട്ടയത്ത് എത്തി. പ്രിയങ്കയുടെ മുത്തശിയും കോട്ടയം കുമരകം സ്വദേശിനിയുമായ മേരി അക്യൂറി(93)യുടെ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനാണ് ബോളിവുഡ് താരവും പദ്മശ്രീ ജേതാവുമായ പ്രിയങ്ക ചോപ്ര എത്തിയത്. പ്രിയങ്കയുടെ അമ്മ മധു അശോക് ചോപ്രയുടെ അമ്മയാണ് മേരി അക്യൂറി. താന്‍ മാമ്മോദീസ മുങ്ങിയ കുമരകം ആറ്റാമംഗലം പള്ളിയില്‍ മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു മേരി അക്യൂറിയുടെ ആഗ്രഹം.

എന്നാല്‍, അതു കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമാകുമെന്നതിനാല്‍ ബുദ്ധിമുട്ടുണെ്ടന്ന് ആറ്റാമംഗലം പള്ളി അധികൃതര്‍ ഇവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതോടെ സംസ്കാരം പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലേക്കു മാറ്റുകയായിരുന്നു. സംസ്കാരത്തിനു മുമ്പായി മൃതദേഹം പനച്ചിക്കാട് പരുത്തുംപാറയിലെ ബന്ധുവീടായ കരിമാങ്കല്‍ ഡോ.സൂസന്ന ജോസിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു പരുത്തുംപാറ കരിമാങ്കല്‍ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ മുംബൈയില്‍നിന്നു വിമാനമാര്‍ഗം എത്തിയ പ്രിയങ്കയും കുടുംബാംഗ ങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു. വൈകുന്നേരം നാലോടെയാണു മൃതദേഹം പൊന്‍കുന്നത്തേക്കു കൊണ്ടു പോയത്.

കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെയും അനേകം വൈദികരുടെയും നേതൃത്വത്തില്‍ മലയാളത്തിലും സുറിയാനിയിലുമുള്ള ശുശ്രൂഷകളോടെയായിരുന്നു സംസ്കാര ശുശ്രൂഷകള്‍. കുമരകം ആറ്റാമംഗംലം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായി ജനിച്ച മേരി അക്യുറി ബിഹാറില്‍ നഴ്‌സായി ജോലിക്കു പോകുകയും തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു.

ഭര്‍ത്താവ് ഡോ. മന്‍മോഹന്‍ കൃഷ്ണ അക്യുറി അക്രൈസ്തവനായിരുന്നെങ്കിലും മേരിയോടൊപ്പം നാട്ടില്‍ എത്തുമ്പോള്‍ കുമരകം ആറ്റാംമംഗലം പള്ളിയില്‍ എത്തുകയും പ്രാര്‍ഥനയില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. മേരി അക്യുറിയുടെ അന്ത്യാഭിലാഷം പൂവണിയിക്കാന്‍ 30 അംഗ ബന്ധുമിത്രാദികള്‍ക്കൊപ്പം ഇന്നലെ രാവിലെ ഒമ്പതിനു നെടുമ്പാശേരിയില്‍ മൃതദേഹം എത്തിച്ചു. തുടര്‍ന്നു ബന്ധുവായ പരുത്തുംപാറ കരിമാങ്കല്‍ ഡോ. സുസന്‍ ജോബിന്റെ വസതിയില്‍ എത്തിക്കുകയായിരുന്നു. പരേത കുമരകം കവളപ്പാറ കുടുംബാംഗമാണ്. സംസ്കാരത്തിനു ശേഷം പ്രിയങ്ക ചോപ്രയും കുടുംബാംഗങ്ങളും ഇന്നലെ കൊച്ചിയില്‍ തങ്ങി. ഇന്നു രാവിലെ എട്ടോടെ മുംബൈയ്ക്കു മടങ്ങും.

Related posts