മുറെ നമ്പര്‍ 1

mury-051116ലണ്ടന്‍: പതിനൊന്നു വര്‍ഷവും ആറു മാസവും, 798 മത്സരങ്ങള്‍ കളിച്ചു. 42 കരിയര്‍ കിരീടങ്ങള്‍, ചരിത്രംകുറിച്ച് ബ്രിട്ടന്റെ ആന്‍ഡി മുറെ ലോകത്തിന്റെ നെറുകയില്‍. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ മറികടന്ന് ആന്‍ഡി മുറെ ലോക ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മുറെ. 1973ലാണ് റാങ്കിംഗ് സംവിധാനം ആരംഭിക്കുന്നത്. ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും തിങ്കളാഴ്ച മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

പാരീസ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കാനഡയുടെ മിലോസ് റാവോണിക് പിന്മാറിയതിനേത്തുടര്‍ന്നാണ് എതിരാളിയായ മുറെ ഒന്നാം സ്ഥാനത്തേക്കു മുന്നേറിയത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ച് പരാജയപ്പെട്ടത് മുറെയുടെ യാത്ര സുഗമമാക്കി. ഫൈനലില്‍ അമേരിക്കയുടെ ജോണ്‍ ഇസ്‌നറാണ് മുറെയുടെ എതിരാളി. മാരിന്‍ സിലിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഇസ്‌നര്‍ ഫൈനലിലെത്തിയത്.

122 ആഴ്ചകളില്‍ ഒന്നാം സ്ഥാനത്തിരുന്നതിനു ശേഷമാണ് ജോക്കോവിച്ച് താഴേക്കിറങ്ങുന്നത്. ഇക്കാലയളവില്‍ കരിയര്‍സ്ലാം അടക്കം ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു.

മുറെ അവസാനം കളിച്ച 12 ടൂര്‍ണമെന്റില്‍ 11ലുംഫൈനലില്‍ കടന്നിരുന്നു. ഇതില്‍ 73 മത്സരങ്ങളില്‍ വിജയവും കണ്ടു. ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന 26–ാം പുരുഷതാരമാണ് മുറെ. 76 ആഴ്കളായി മുറെ രണ്ടാം സ്ഥാനത്തായിരുന്നു. 2003ല്‍ പ്രഫഷണല്‍ ടെന്നീസിലെത്തിയ മുറെ 540–ാം റാങ്കിലായിരുന്നു. 2004 എത്തിയപ്പോള്‍ 411ലെത്തി. 2005 ആയപ്പോഴേക്കും 64–ാം സ്ഥാനത്തും 2006 എത്തിയപ്പോള്‍ 17ലേക്കും കുതിച്ചെത്തി. 2009,2010,2011, 2014 വര്‍ഷങ്ങളില്‍ മുറെ നാലാം സ്ഥാനത്തായിരുന്നു. 2012ല്‍ മൂന്നാം സ്ഥാനത്തേക്കുമുയര്‍ന്നു. 2015ല്‍ രണ്ടാം സ്ഥാനത്തെത്തി.

Related posts