മലപ്പുറം: മുസ്്‌ലിം ലീഗ് കമ്മിറ്റി പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ നിരാശരായ കെഎംസിസിയെയും യൂത്ത് ലീഗിനെയും അനുനയിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് ഉന്നതനേതൃത്വം ശ്രമം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി അരയും തലയും മുറുക്കുന്ന കെഎംസിസിയെയും യൂത്ത് ലീഗിനെയും പിണക്കിയതു ശരിയായില്ലെന്ന വാദം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. യൂത്ത് ലീഗിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പ് തയാറെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. താഴെത്തട്ടില്‍ നിന്നു മുസ്‌ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പഴുതടച്ചതാക്കാന്‍ യൂത്ത് ലീഗ് വഹിക്കുന്ന പങ്ക് ചെറുതല്ല.
തെരഞ്ഞെടുപ്പ് ഫണ്ടിനും മുസ്്‌ലീം ലീഗ് ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന കെഎംസിസിയെ ഇത്തവണയും തഴഞ്ഞതിലും സംഘടനക്ക് പ്രതിഷേധമുണ്ട്. പോഷകസംഘടനകളെ അനുനയിപ്പിക്കാന്‍ സംസ്ഥാനനേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിറങ്ങിയിട്ടുണ്ട്. ജയസാധ്യതയാണ് സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നതില്‍ പ്രധാനമായും പരിഗണിച്ചതെന്നും നേതൃത്വം പോഷകസംഘടനകളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വിജയിച്ച ഇരുപത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ വനിതാലീഗിനും പ്രാതിനിധ്യമില്ല. ടി.വി.ഇബ്രാഹിം, കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍, എം.എ.റസാഖ് എന്നിവര്‍ മാത്രമാണ് പുതുമുഖങ്ങള്‍. ഏറെ പേര്‍ മത്സരതാല്‍പര്യം നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ അവരൊക്കെ ലിസ്റ്റിനു പുറത്താവുകയായിരുന്നു.
പ്രവാസി ലീഗിന്റെ സി.പി.എ. ബാവഹാജിക്ക് സീറ്റ് ലഭിക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും ലിസ്റ്റില്‍ ഇടം പിടിക്കാനായില്ല. മുസ്‌ലിം ലീഗിന്റെ ബൈത്തുറഹ്മ അടക്കം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചിരുന്ന കെഎംസിസിക്ക് ഇത്തവണ നിയമസഭയില്‍ പ്രതിനിധി ഉണ്ടാവണമെന്ന് സംസ്ഥാന നേതാക്കളോട് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം ഇനി പ്രഖ്യാപിക്കാനുള്ള നാലുസീറ്റില്‍ യൂത്ത് ലീഗിനെയും ദളിത് ലീഗിനെയും പരിഗണിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.