തനിക്കും ഇതു പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്… മുഹമ്മദ് അലിയെ മലയാളിയാക്കിയ ജയരാജനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി

tvm-jayarajanബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളിയാക്കിയ കായികമന്ത്രി ഇ.പി. ജയരാജന് പ്രതിപക്ഷത്തുനിന്ന് അപ്രതീക്ഷിത പിന്തുണ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ജയരാജനെ ന്യായീകരിച്ച് രംഗത്തെത്തിയത്. സംസ്ഥാനം സാമ്പത്തിക പ്രതിന്ധിയിലാണെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടി ജയരാജന് പരസ്യ പിന്തുണ നല്കിയത്. തെറ്റുകളും അബദ്ധങ്ങളും ആഘോഷിക്കുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത്. തെറ്റ് മറച്ചുവയ്ക്കാനുള്ള ധാര്‍മ്മികത മാധ്യമങ്ങള്‍ കാണിക്കേണ്ടതായിരുന്നു. യാത്രയിലായിരുന്ന ജയരാജന്‍ എന്താണ് നടന്നതെന്ന് വ്യക്തമായി കേട്ടിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തനിക്കും ഇത്തരം അബദ്ധങ്ങള്‍ പറ്റേണ്ടതായിരുന്നുവെന്ന് അനുഭവം വിവരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് കോഴിക്കോടിനു പോകാന്‍ ഇരിക്കുമ്പോഴാണ് പൈലറ്റ് വന്ന് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ മരിച്ച വിവരം ധരിപ്പിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് താന്‍ അവിടെ ഇറങ്ങി തന്റെ ഓഫീസിലേക്ക് തിരിച്ചു പോന്നു. മാണിസാര്‍ അനുശോചനം തന്നുവെന്നാണ് തന്നെ പത്രക്കാര്‍ അറിയിച്ചിരുന്നത്. ടെലിവിഷനില്‍ കെ.എം. മാണിയുടെ അനുശോചനം പോകുന്നുണ്ടായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് ആ വിവരം തെറ്റാണെന്ന് ഫോണില്‍ വിളിച്ച് തന്നെ അറിയിച്ചു. പിന്നെയും രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് മരണം സംഭവിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റുപറ്റുന്നത് സ്വഭാവികമാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉചിതമായി ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യകാല മാധ്യമപ്രവര്‍ത്തകര്‍ അപ്രകാരം ചെയ്യുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Related posts