മൂന്നാറില്‍ കാട്ടാനകളുടെ റോഡ് നടത്തം പതിവാകുന്നു; നാട്ടുകാരും വാഹനയാത്രക്കാരും ബുദ്ധിമുട്ടുന്നു

FB-AANA

മൂന്നാര്‍: കാട്ടാനകള്‍ റോഡിലൂടെയുള്ള നടത്തം പതിവാക്കി. റോഡിലൂടെയുള്ള നടത്തം ശീലിച്ച പൊതുജനങ്ങള്‍ വിയര്‍ക്കുന്നത് മൂന്നാറിലെ പതിവുള്ള കാഴ്ചയായി.മൂന്നാറിലെ മാട്ടുപ്പെട്ടി ഭാഗത്ത് റോഡിലിറങ്ങുന്ന കാട്ടാനകള്‍ ഗതാഗതം സ്തംഭിക്കുന്നതും പതിവാണ്.കഴിഞ്ഞദിവസം റോഡിലിറങ്ങിയ കാട്ടാനയുടെ പുറകിലൂടെ വാഹനങ്ങളും യാത്രക്കാരും സഞ്ചരിച്ച് വലഞ്ഞു. റോഡിലൂടെ ഏറെദൂരം നടന്നശേഷമാണ് ആന കാട്ടിലേക്കു കയറിയത്.

രണ്ടാഴ്ചമുമ്പ് റോഡിലിങ്ങി മാര്‍ഗതടസം സൃഷ്ടിച്ച കാട്ടാന ഈ റോഡിലൂടെ ഓടുന്ന സ്വകാര്യ ബസിനെ ആക്രമിക്കാനെത്തിയിരുന്നു. നേരിയ വ്യത്യാസത്തിലാണ് അന്ന് ബസും യാത്രക്കാരും രക്ഷപെട്ടത്.ആനകള്‍ മാട്ടുപ്പെട്ടിക്കും ഇന്‍ഡോസ്വിസ് പ്രൊജക്ടിനു സമീപമുള്ള മലനിരകളിലാണ് മേഞ്ഞുനടക്കുന്നതെങ്കിലും റോഡിലേക്ക് സാധാരണ ഇറങ്ങിയിരുന്നില്ല.

എന്നാല്‍ റോഡുനടത്തം അടുത്തകാലത്തായി ശീലമാക്കിയതോടെ വാഹനയാത്രക്കാര്‍ക്ക് ഈ റോഡിലൂടെയുള്ള യാത്ര ഭയമുണര്‍ത്തുകയാണ്. സ്കൂള്‍ കുട്ടികളടക്കമുള്ള നിരവധിപേര്‍ക്ക് കൃത്യസമയത്ത് അതാതു സ്ഥലങ്ങളില്‍ എത്താനും ഇതുമൂലം കഴിയുന്നില്ല. വിനോദസഞ്ചാരികള്‍ക്കും ഇതുമൂലം ഏറെ സമയനഷ്ടം ഉണ്ടാകുന്നുണ്ട്. മാട്ടുപ്പെട്ടി മുതല്‍ കുണ്ടള വരെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ആനയുടെ റോഡ് ഷോ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

Related posts