മൂവാറ്റുപുഴ: നഗരത്തില്‍ ഗതാഗത പരിഷ്കരണം ഇന്നലെ മുതല്‍ ഭാഗികമായി നടപ്പാക്കിതുടങ്ങി. നഗരത്തിലെ രണ്ടു ബസ് സ്റ്റോപ്പുകള്‍ മാറ്റുന്നത് അടക്കമുള്ള പരിഷ്കരണമാണ് നടപ്പാക്കിയത്. ടിബി റോഡ് വണ്‍വേയാക്കി കാവുംപടി റോഡില്‍ കോടതി സമുച്ചയം വരെ പാര്‍ക്കിംഗ് ഇനി മുതല്‍ അനുവദിക്കില്ല. ആരക്കുഴ വഴി വരുന്ന വാഹനങ്ങള്‍ നാസ് റോഡ് വഴി എംസി റോഡില്‍ കയറി കെഎസ്ആര്‍ടിസി ഡിപ്പോയുടെ മുന്നിലൂടെ കച്ചേരിത്താഴം ഭാഗത്തേക്ക് പോകണം. കച്ചേരിത്താഴത്തും പിഒ ജംഗ്ഷനിലും മാത്രമേ യുടേണ്‍ അനുവദിക്കൂ. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ റോട്ടറി റോഡ് വഴി തിരിച്ചുവിട്ടു.
നഗരത്തിലെ വീതി കുറഞ്ഞ ഭാഗത്തും ബസ്‌വേകളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. തടിലോറി അടക്കമുള്ള ചരക്ക് വാഹനങ്ങള്‍ പകല്‍ സമയത്ത് നഗരത്തില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, പാര്‍ക്കിംഗ്, നോ -പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദീര്‍ഘദൂരയാത്രക്കാരാണ് ഇതുമൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
എന്നാല്‍, ഒരാഴ്ചക്കുള്ളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതടക്കമുള്ളവ കാര്യങ്ങള്‍ പ്രാബല്യത്തിലാക്കുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ. സഹീര്‍ പറഞ്ഞു. ആദ്യത്തെ കുറച്ചുദിവസം പിഴവുകള്‍ സംഭവിക്കുമെന്നും എല്ലാവരുടെയും സഹകരണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.പോലീസും ഗതാഗതപരിഷ്കരണം നടപ്പാക്കുന്നതിന് രംഗത്തുണ്ട്. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലുകളിലെല്ലാം കൂടുതല്‍ പോലീസിനെയും നിയോഗിച്ചിരുന്നു.