മൂവാറ്റുപുഴ: ഇരിപ്പിടമില്ലാത്ത നഗരത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ പോസ്റ്റ് ഓഫീസ് ജംഗ്ഷന്, കച്ചേരിത്താഴം എന്നിവിടങ്ങളിലെ കാത്തിരിപ്പുകേന്ദ്രങ്ങളിലാണ് ഇരിപ്പിടമില്ലാതെ നൂറുകണക്കിനു യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത്. ഹോളിമാഗി ഫൊറോനാ പള്ളിയിലെത്തുന്ന വിശ്വാസികളും ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന രോഗികളും വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനു യാത്രക്കാരുടെ സംഗമകേന്ദ്രമാണ് പോസ്റ്റ് ഓഫീസ് ജംഗ്ഷന്. തൊടുപുഴ, ആയവന ഭാഗങ്ങളിലേക്കു പോകേണ്ട യാത്രക്കാര്‍ക്കായി രണ്ടു കാത്തിരുപ്പുകേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഇരിപ്പിടമില്ലാത്തതിനാല്‍ വയോധികരടക്കമുള്ള യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.
കച്ചേരിത്താഴത്തെ അവസ്ഥയും ഏറെ പരിതാപകരമാണ്. ഇവിടെയും ദിവസവും നൂറുകണക്കിനു യാത്രക്കാരാണെത്തുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ ഏറെയെത്തുന്ന ഇവിടെയും കാത്തിരിപ്പുകേന്ദ്രങ്ങളില്‍ ഇരിപ്പിടമില്ല. കോട്ടയം, തൊടുപുഴ, പിറവം, കോതമംഗലം, പെരുമ്പാവൂര്‍ ഭാഗങ്ങളിലേക്കെല്ലാമുള്ള യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് ഇവിടെയാണ്. കെഎസ്ടിപി റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുള്ളതിനാലാണു നവീകരണ പ്രവര്‍ത്തനം നടത്താത്തതെന്നാണ് അധികൃതരുടെ ഭാക്ഷ്യം.
റോഡ് വികസനത്തിനായി അളന്നുതിരിച്ചുപോയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നടപടിഎങ്ങുമെത്തിയില്ല. ഇതിനു കാത്തുനില്‍ക്കാതെ കാത്തിരിപ്പുകേന്ദ്രങ്ങളില്‍ അത്യാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പലയിടത്തും സ്ഥാപനങ്ങളുടെ വരാന്തയാണ് കാത്തുനില്പ്പുകേന്ദ്രമായി യാത്രക്കാര്‍ നിലവില്‍ ഉപയോഗിക്കുന്നത്. മഴക്കാലമായതിനാല്‍ തിങ്ങിനിറഞ്ഞുനില്ക്കേണ്ട അവസ്ഥയുമാണ്. ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാരെത്തുന്ന നഗരത്തില്‍ കാത്തിരിപ്പു കേന്ദ്രങ്ങളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലയളവില്‍ ഏതാനും കാത്തിരിപ്പുകേന്ദ്രങ്ങള്‍ നവീകരിക്കുകയും പുതുതായി നിര്‍മിക്കുകയും ചെയ്തിരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം കാത്തുരിപ്പുകേന്ദ്രങ്ങളില് പ്രദര്‍ശിപ്പിച്ച് നിര്‍മാണ തുക സ്ഥാപനം വഹിക്കുന്ന രീതിയിലായിരുന്നു നടപ്പാക്കിയത്. എന്നാലിതു നഗരത്തില്‍ പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞില്ല. മുഴുവന്‍ കാത്തിരിപ്പുകേന്ദ്രങ്ങളിലും ഇരിപ്പിടം തയാറാക്കി യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.