അത്തിക്കയം: ജനരോഷത്തെ മറികടന്ന് ചെമ്പന്മുടിമലയിലെ പാറമടയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ നാറാണംമൂഴി പഞ്ചായത്ത് എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് അതിജീവന സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ അനശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച സത്യഗ്രഹം ചെമ്പനോലി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരി ഫാ. തോമസ് വലിയപറമ്പില്‍ ഉദ്ഘാടനം ചെയ്തു. തെരുവുനായ്ക്കള്‍ ഉള്‍പ്പെടെ മൃഗങ്ങളുടെ സംരക്ഷണത്തിനു പോലും ആളുകള്‍ രംഗത്തുണ്ടെങ്കിലും മനുഷ്യജീവന്റെ സംരക്ഷണത്തിന് ആരുമില്ലാത്ത സ്ഥിതിയാണ് ഇന്നു കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരുവിലെയും കാട്ടിലെയും നാല്ക്കാലികളോടു കാട്ടുന്ന കരുതലോ കരുണ യോ പോലും മനുഷ്യരോടു കാട്ടാന്‍ കഴിയുന്നില്ല. ചെമ്പന്മുടിമലയിലെ പാറമടകള്‍ മൂലം കുട്ടികള്‍ അടക്കമുള്ളവരില്‍ മാരകമായ രോഗങ്ങള്‍ പിടിപെടുന്നതായുള്ള വിദഗ്ധ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് അവിടെ വീണ്ടും പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്കിയ നടപടി മനുഷ്യത്വ ഹീനമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രിന്‍സ് ജോസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം ഷാജി പതാലില്‍, സുരേഷ് മുളയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നു നടക്കുന്ന സത്യഗ്രഹം എസ്എന്‍ഡിപി മടന്തമണ്‍ ശാഖായോഗം പ്രസിഡന്റ് കരുണാകരന് തടത്തില്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഭരണസമിതിയുടെ കാലത്ത് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലൈസന്‍സ് നല്‍കാനുണ്ടായ കോടതി വിധിയെന്നത് സത്യവിരുദ്ധമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഈ ഭരണസമിതി അധികാരത്തിലെത്തിയശേഷം കൈക്കൊണ്ട നിലപാടുകള്‍ പാറമട ഉടമയ്ക്ക് അനുകൂലമായതിനാലാണ് അനുകൂല കോടതി വിധിയുണ്ടായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.