കോഴിക്കോട്: വേനല്‍കനക്കും മുമ്പേ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൡലായി ഇടയ്ക്കിടെ ജലവിതരണം തടസപ്പെടുന്നതു തുടരുകയാണ്. രോഗികളെയും കൂട്ടിരിപ്പുകാരെയും ഒട്ടൊന്നുമല്ല ഇത് വലയ്ക്കുന്നത്. മാവൂര്‍ കൂടിമാട് പമ്പ് ഹൗസില്‍ നിന്നാണ് പ്രധാനമായും മെഡിക്കല്‍ കോളജില്‍ വെള്ളമെത്തിച്ചിരുന്നത്. ഇപ്പോള്‍ മൂഴിക്കല്‍ പമ്പ് ഹൗസില്‍നിന്നും നേരിട്ടും വെള്ളമെത്തിക്കുന്നുണ്ട്. ഇതുകൂടാതെ ജപ്പാന്‍പദ്ധതിയില്‍ നിന്നു ഭാഗികമായും വെള്ളമെത്തുന്നുണ്ട്. മുഴുവന്‍സമയവും വെള്ളം ലഭിച്ചിട്ടും ഇടയ്ക്കിടെ വിതരണം മുടങ്ങുന്നതാണ് പ്രശ്‌നമാകുന്നത്.
അത്യാഹിതവിഭാഗം, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, പ്രധാന കെട്ടിടം, സ്റ്റേഡിയം എന്നിവിടങ്ങളിലെ ഓവര്‍ഹെഡ് ടാങ്കിലേക്കാണ് വിതരണത്തിനുള്ള വെള്ളം എത്തിക്കുന്നത്. ജല അഥോറിറ്റിയുടെ പ്രധാന ടാങ്കില്‍ ശേഖരിച്ച ശേഷമാണ് ഓവര്‍ഹെഡ് ടാങ്കിലേക്ക് ഇടവേളകളില്ലാതെ വെള്ളം പമ്പ് ചെയ്യുന്നത്. പ്രധാനകെട്ടിടത്തിലെ മോട്ടോറുകളുടെ കാലപ്പഴക്കമാണ് ജലവിതരണത്തിലെ ആദ്യ വില്ലന്‍. ഇടയ്ക്കിടെ ബെയറിംഗ് ഉള്‍പ്പെടെ മാറ്റി കൊടുക്കേണ്ടി വരുന്നുണ്ട്. ഇവിടെയുള്ള മൂന്നു മോട്ടോറുകളും മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്നതിനാല്‍ കേടുവരാനുള്ള സാധ്യതയും കൂടുതലാണ്.
കഴിഞ്ഞ ആഴ്ചയില്‍ മൂന്നുമോട്ടോറുകളും ഒന്നിച്ച് കേടായതോടെയാണ് വിതരണം തടസപ്പെട്ടത്. അത്യാവശ്യസമയങ്ങളിലെ ഉപയോഗത്തിനായി ഒരു മോട്ടോര്‍ വേണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.ഇതിനേക്കാള്‍ ഗുരുതരമാണ് കാലഹരണപ്പെട്ട വിതരണപൈപ്പുകള്‍ സൃഷ്ടിക്കുന്ന തലവേദന. ജിഐ, പിവിസി പൈപ്പുകളാണ് പലയിടത്തും ഉള്ളത്. കാലപ്പഴക്കമേറെയുള്ള പൈപ്പുകള്‍ പൊട്ടുന്നത് ഒഴിവാക്കാന്‍ കുറഞ്ഞ മര്‍ദത്തില്‍ വെള്ളം വിടുകയേ രക്ഷയുള്ളൂ.
ശ്രദ്ധയില്‍പ്പെടാത്ത നിസാര ലീക്കേജുകള്‍ പൈപ്പുകള്‍ക്കുണ്ടെങ്കില്‍ വിതരണം ഫലം കാണില്ല. മുകളിലത്തെ നിലകളിലേക്ക് തുള്ളിവെള്ളം പോലും എത്താത്ത അവസ്ഥവരും. ജലവിതരണം മുടങ്ങുന്നതോടെ പകരം സംവിധാനമില്ലാതെ നേട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ആശുപത്രി അധികൃതര്‍. കഴിഞ്ഞയാഴ്ച വിതരണം തടസപ്പെട്ടതോടെ ഡയാലിസിസ് നിര്‍ത്തിവച്ചിരുന്നു. ഡെന്റല്‍കോളജിലെ ചികിത്സകളും മുടങ്ങി. വാര്‍ഡുകളിലാകട്ടെ മഴവെള്ളസംഭരണിയിലെ വെള്ളം ബക്കറ്റിലെടുത്താണ് രോഗികളും കൂട്ടിരിപ്പുകാരും കഴിച്ചുകൂട്ടിയത്.