കൊച്ചി: കൊച്ചി തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള മതപണ്ഡിതന്‍ ആര്‍ഷി ഖുറേഷിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കൊച്ചിയിലെത്തിക്കും. കൊച്ചി പോലീസ് മുംബൈയില്‍ വച്ച് കസ്റ്റഡിയിലെടുത്ത ഇയാളെ വൈകാതെ കൊച്ചിയിലെത്തിക്കുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പിടിയിലായ ആര്‍ഷി ഖുറേഷി മുംബൈയിലെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യാപകനാണ്.
കൊച്ചി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ മുംബൈയില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കേസിന്റെ മറ്റു വിശദാംശങ്ങള്‍ അറിയുന്നതിനും തെളിവെടുപ്പിനുമായാണ് ഇയാളെ കൊച്ചിയിലെത്തിക്കുന്നത്. മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐഎസ് മലയാളികള്‍ കാണാതായ സംഭവത്തില്‍ ആദ്യത്തെ അറസ്റ്റാണിത്. പാലക്കാട്ടുനിന്നു കാണാതായ മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മെറിന്റെ ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹിയ, മുംബൈയിലെ മതപണ്ഡിതന്‍ ആര്‍ഷി ഖുറേഷി എന്നിവര്‍ക്കെതിരെയാണ് എബിന്‍ ജേക്കബ് പരാതി നല്‍കിയത്.
മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി. വിജയനാണ് അന്വേഷണചുമതല. സംസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവങ്ങളില്‍ ഐഎസ് ബന്ധമാരോപിക്കുന്ന സാഹചര്യത്തിലായിരുന്നു എബിന്‍ ജേക്കബ് പരാതി നല്‍കിയത്.