മെസിക്കു തടവു ശിക്ഷ, പക്ഷേ, ജയിലില്‍ പോകേണ്ട

sp-messiബാഴ്‌സലോണ: നികുതി വെട്ടിപ്പു കേസില്‍ 21 മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും പിതാവ് ഹൊറാസിയോയും സ്‌പെയിനിന്റെ സുപ്രീംകോടതിയെ സമീപിക്കുന്നു. തടവിനു പുറമേ 20 ലക്ഷം യൂറോ പിഴയുമാണ് കോടതി വിധിച്ചത്.

എന്നാല്‍, സ്പാനിഷ് നിയമപ്രകാരം മെസിക്ക് ജയിലില്‍ പോകേണ്ടി വരില്ല. ആദ്യമായി കേസില്‍ ഉള്‍പ്പെടുന്ന വ്യക്തി എന്ന നിലയ്ക്കും രണ്ടു വര്‍ഷത്തില്‍ താഴെയാണ് മെസിയുടെ ശിക്ഷ എന്നതിനാലുമാണ് മെസിക്ക് ജയിലില്‍ പോകേണ്ടാത്തത്. ആക്രമണ രഹിതമായ കുറ്റങ്ങളെ തുടര്‍ന്നു രണ്ട് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിച്ചവര്‍ക്ക് ഇളവ് നല്‍കുന്നതാണ് സ്പാനിഷ് നിയമം.

2007-2009 കാലയളവില്‍ 53 ലക്ഷം ഡോളര്‍ (ഏതാണ്ട് 30 കോടി രൂപ) നികുതി വെട്ടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി മെസിക്കും പിതാവിനുമെതിരെ തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍ താന്‍ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, എഗ്രിമെന്‍റ് പോലും വായിച്ച് നോക്കാതെയാണ് താന്‍ പല എഗ്രിമെന്‍റുകളിലും ഒപ്പിടുന്നതെന്നും മെസി കോടതിയില്‍ പറഞ്ഞു. തന്റെ പിതാവും അഭിഭാഷകരും പറഞ്ഞതു വിശ്വസിച്ചാണ് താന്‍ കാര്യങ്ങള്‍ ചെയ്തതെന്ന് മെസി പറഞ്ഞു. ഫുട്‌ബോള്‍ കളിക്കാരനായ തനിക്ക് സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും മെസി വ്യക്തമാക്കി. ഇമേജ് റൈറ്റിലൂടെ ബെലിസ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഉറുഗ്വെ എന്നീ രാജ്യങ്ങളിലെ കമ്പനികളിലൂടെ ലഭിച്ച വരുമാനം മറച്ചുവച്ചെന്നാണ് ബാഴ്‌സലോണ കോടതി കണെ്ടത്തിയിരിക്കുന്നത്.

നികുതി വെട്ടിപ്പു നടത്തിയതിന്റെ പേരില്‍ ആരോപണമുയര്‍ന്നതോടെ മെസിയും പിതാവും 50,16,542 യൂറോ (44 കോടിയോളം രൂപ) നികുതി വകുപ്പില്‍ അടച്ചിരുന്നു. കേസില്‍ മെസിയെ പിന്തുണച്ച് ബാഴ്‌സലോണ ക്ലബ് രംഗത്തെത്തിയിരുന്നു.

Related posts