മൈക്രോഫിനാന്‍സ് തട്ടിപ്പ് : വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കണ്ടത് പ്രതികൂലവിധി ഭയന്ന്–വി.എസ്

vsപത്തനാപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ പ്രതികൂലവിധിയുണ്ടാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ വെള്ളാപ്പള്ളി തയാറായതെന്ന് സിപിഎം നേതാവ് വി. എസ്. അച്യുതാനന്ദന്‍. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ കോടികളാണ് തട്ടിയെടുത്തത്. ഈ തട്ടിപ്പ് മറയ്ക്കാനായി യോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളുകളിലും കോളജുകളിലും നിയമനത്തിന്റെ പേരില്‍ കോടികളാണ് കോഴ വാങ്ങുന്നത്. പത്തനാപുരം മാങ്കോട് പാടത്ത് കെ.വി സദാനന്ദന്‍ സ്മാരക ട്രസ്റ്റിന്റെയും ഭക്ഷ്യസബ്‌സിഡി കാര്‍ഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു വി എസ്.

വര്‍ഗീയവത്കരണവും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കലുമാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനെ ജനങ്ങള്‍ തിരിച്ചറിയണം. ആര്‍. ശങ്കര്‍ ഉള്‍പ്പെടെയുള്ള മഹാന്‍മാര്‍ നയിച്ച പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് വെള്ളാപ്പള്ളി. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ ഹര്‍ജിക്കെതിരേ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. നിജസ്ഥിതി ബോധ്യപ്പെടുത്താനാണിവിടെ പ്രതികരിച്ചത്.

പാടം മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ജനകീയനുമായിരുന്ന കെ. വി. സദാനന്ദന്റെ പേരില്‍ തുടങ്ങിയ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു വി. എസ്.ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ വരുണ്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ കെ.പി ഉദയഭാനു, കെ.സി രാജഗോപാല്‍, എന്‍ ജഗദീശന്‍, എച്ച്. നജീബ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Related posts