മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ മോഷ്ടിച്ച ബൈക്കില്‍ എത്തിയ കാമുകനെ പോലീസ് പിടികൂടി

ktm-arrestkamukanപതിപ്പള്ളി: ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി. മേലുകാവ് വല്യകെട്ട അപ്പു എന്ന് വിളിക്കുന്ന ജോര്‍ജ് (19) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 19 നു പതിപ്പള്ളിയില്‍ നിന്നും മൂവാറ്റുപുഴ സബ് ജയില്‍ അസിസ്റ്റന്റ് വാര്‍ഡന്‍ പി.ആര്‍. പ്രദീപിന്റെ വഴിയരികില്‍ വച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു. ഇതിനു മുന്‍പായി ചക്കാലയ്ക്കല്‍ നെല്‍സന്റെ ബൈക്ക് മോഷണം പോകുകയും, പെട്രോള്‍ തീര്‍ന്നതുമൂലം മൂലമറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. മോഷണത്തെ സംബന്ധിച്ച് പ്രദീപ് കാഞ്ഞാര്‍ പോലീസില്‍ പരാതിയും നല്‍കി.

മോഷ്ടിച്ച ബൈക്കുമായി പതിപ്പള്ളിയിലുള്ള, മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട കാമുകിയെ കാണാന്‍ വന്ന ജോര്‍ജിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. നിരവധി തവണ കാമുകിയെ കാണാന്‍ വന്ന പ്രതി തിരികെ പോകാന്‍ മാര്‍ഗമില്ലാതെ വന്നപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പോലീസിനോട് പറഞ്ഞു.

പ്രായപൂര്‍ത്തിയായില്ലെന്നും, പതിനേഴ് വയസേയുള്ളുവെന്നും നുണ പറഞ്ഞ പ്രതി, പഠിച്ച സ്കൂളില്‍ പോയി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് പത്തൊന്‍പത് വയസുണ്ടെന്ന് പോലീസിനു മനസിലായത്. ഇതിന് മുന്‍പ് വന്നപ്പോള്‍ നെല്‍സന്റെ ബൈക്ക് മോഷ്ടിച്ചത് താനാണെന്നും പെട്രോള്‍ തീര്‍ന്നതുമൂലം മൂലമറ്റത്ത് ഉപേക്ഷിക്കുകയുമായിരുന്നെന്ന് പ്രതി സമ്മതിച്ചു. കാഞ്ഞാര്‍ എസ്‌ഐ കെ.ആര്‍. ബിജു, അഡീഷണല്‍ എസ്‌ഐ മാരായ കെ. സജി, രമേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts