മുക്കം: പുതിയ സിം കാര്‍ഡുകളുടെ ആക്റ്റിവേഷന്‍, വെരിഫിക്കേഷന് എന്നിവയുടെ ഉത്തരവാദിത്വം ഷോപ്പ് ഉടമകളുടെ തലയില്‍ കെട്ടിവയ്ക്കുന്ന മൊബൈല്‍ സെല്ലുലാര്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഷോപ്പുകളില്‍നിന്ന് സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്നത് വ്യാപാരികള്‍ നിര്‍ത്തിവച്ചു. അഡ്രസ് പ്രൂഫുകളില്‍ ചിലര്‍ കൃത്രിമവും കള്ളത്തരവും കാണിച്ച് സിം കാര്‍ഡുകള്‍ വാങ്ങി കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായി. ഇത്തരം കേസുകളില്‍ കുറ്റക്കാരുടെ കൂട്ടത്തില്‍ മൊബൈല്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തുന്ന നടപടിയാണ് അധികാരികളില്‍നിന്ന് ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ വ്യാപാരികള്‍ക്ക് കഴിയാറില്ല. ഈ സാഹചര്യത്തില്‍ വ്യാപാരികളെ കേസില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് വ്യാപാരികള്‍ പറയുന്നു. ആക്റ്റിവേഷന്‍ കൂട്ടാന്‍ വേണ്ടി മോഹനവാഗ്ദാനങ്ങള്‍ നല്കി റീട്ടെയില്‍ വ്യാപാരികളെ പ്രയോജനപ്പെടുത്തുന്ന കമ്പനികള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കൈമലര്‍ത്തുകയാണെന്നും വ്യാപാരികള്‍ കെണിയില്‍ കുടുങ്ങുകയാണെന്നും അവര്‍ ആരോപിക്കുന്നു. കൂടാതെ നിരന്തരമായി ടോക് ടൈം വെട്ടിക്കുറയ്ക്കുകയും നെറ്റ് റീച്ചാര്ജിങ്ങില് മാസം തോറും ഡാറ്റ എംബി കുറച്ചുകൊണ്ടുവരികയും ചെയ്ത് ഉപഭോക്താക്കളെ പിഴിഞ്ഞ്കമ്പനികള് കൊള്ളലാഭം കൊയ്യുകയാണ്.
ഈ നിലപാടുകളില്‍നിന്ന് കമ്പനികള്‍ പിന്മാറുന്നതുവരെ പുതിയ സിം കാര്‍ഡ് ആക്റ്റിവേഷന്‍, പോര്‍ട്ടിങ്, 4 ജി ട്രാന്‍സ്ഫറിംഗ് തുടങ്ങിയവ പൂര്‍ണമായും നിര്‍ത്തിവയ്ക്കാനാണ് മൊബൈല്‍ ഷോപ്പ് ഉടമകളുടെ തീരുമാനം. മുക്കം വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ മുക്കം, കൊടുവള്ളി, ഓമശ്ശേരി, ആര്‍ഇസി, കുന്ദമംഗലം, കാരന്തൂര്‍, ചാത്തമംഗലം, മണാശ്ശേരി, തിരുവമ്പാടി, കുടരഞ്ഞി, അഗസ്ത്യന്മുഴി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് നിരവധി വ്യാപാരികള്‍ പങ്കെടുത്തു. മൊബൈല്‍ ഷോപ്പ് റീട്ടെയ്ലേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഗസ്സല്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കെ.സി.നൗഷാദ്, അശോകന്, സിദ്ധീഖ് ഫര്‍ണ്ണിച്ചര്‍ ലാന്റ്, ഹഖീക്കത്ത്, കെ.എം. അഷ്റഫ് അലി, അഷ്റഫ് മൊബൈല്‍ വേള്‍ഡ് എന്നിവര്‍ സംസാരിച്ചു.