ഗാന്ധിനഗര്‍: മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി. മോര്‍ച്ചറിയിലുള്ള പകുതി ഫ്രീസറുകള്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മോര്‍ച്ചറിയില്‍ 12 ഫ്രീസറുകളാണുള്ളത്. അതില്‍ ആറെണ്ണം പ്രവര്‍ത്തനരഹിതമായിട്ട് നാളുകളേറെയായി. നിലവില്‍ ആറു മൃതദേഹങ്ങള്‍ മാത്രമാണ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത്. ആറെണ്ണത്തില്‍ മൂന്നെണ്ണം അജ്ഞാത മൃതദേഹങ്ങളാണ്.
കഴിഞ്ഞ ദിവസം ഹൗസ് ബോട്ടില്‍ നിന്നും വീണു മരിച്ച യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ സ്വകാര്യ മൊബൈല്‍ മോര്‍ച്ചറി സംവിധാനത്തെ ആശ്രയിക്കുകയായിരുന്നു. ചില സ്വകാര്യ മൊബൈല്‍ മോര്‍ച്ചറി ഉടമകള്‍ സാഹചര്യം മുതലെടുത്ത കൂലി കൂടുതല്‍ വാങ്ങുന്നതായും പരാതിയുണ്ട്.
നാളുകളായി ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസറുകള്‍ പണിമുടക്കിലാണ്. കൃത്യസമയത്ത് അറ്റകുറ്റപണികള്‍ നടത്താത്തതാണ് അടിക്കടി ഫ്രീസറുകള്‍ പണിമുടക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.