മോഷണം പോയ 18 പവന്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തിരികെ അലമാരയിലെത്തി

knr-thiefകുറവിലങ്ങാട്:  മോഷണം പോയ 18 പവന്‍ സ്വര്‍ണം ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പറയുന്ന അതേ അലമാരയില്‍. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ  മറിമായം. മോഷണത്തേക്കാള്‍ മോഷണമുതല്‍ പ്രത്യക്ഷപ്പെട്ടതാണ് പോലീസിനെ കുഴയ്ക്കുന്നത്. മോഷണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് കേസെടുത്തത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണം അലമാരയിലെത്തിയെന്നതാണ് സ്ഥിതി.  സ്വര്‍ണം നഷ്ടപ്പെട്ടതോടെ പോലീസ് മോഷണം നടന്ന വീട്ടിലെത്തി അലമാരയും മുറിയും അരിച്ചു പെറുക്കിയതാണ്.

അന്ന് കാണാതിരുന്ന ആഭരണങ്ങള്‍ ഞായറാഴ്ച കണ്ടെത്തുകയായിരുന്നു. കാണക്കാരിയിലുള്ള ഒരു വീട്ടിലാണ് മോഷണവും തുടര്‍നടപടികളും നടന്നത്. എഴുപത് പിന്നിട്ട വീട്ടമ്മയും വീട്ടുജോലിക്കാരിയുമാണ് വീട്ടിലുള്ളത്. പള്ളിയില്‍ നിന്ന് മടങ്ങിയെത്തി ആഭരണങ്ങള്‍ ഊരി അലമാരയില്‍വെച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിന് മുന്‍പ് ഇതേ വീട്ടില്‍ നിന്ന് മോട്ടോര്‍ നഷ്ടപ്പെട്ടെന്ന പരാതി ഉയരുകയും  അന്വേഷണത്തിനിടയില്‍ തിരിച്ചുകിട്ടിയതായി പിന്നീട് അറിയിക്കുകയും ചെയ്ത സാഹചര്യവും ഉണ്ടായതായി പറയുന്നു.

വീട്ടമ്മയുടെ മക്കള്‍ വിദേശത്തും മറ്റിടങ്ങളിലുമായി ജോലിയിലായതിനാലാണ് ഇവര്‍ വീട്ടുജോലിക്കാരിയൊടൊപ്പം താമസിക്കുന്നത്.  മോഷണം നടന്നതായി പരാതി ഉയര്‍ന്നെങ്കിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് ശനിയാഴ്ചയാണ്. വിരലടയാള വിദഗ്ധരടക്കം വീട്ടിലെത്തുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് പോലീസ് .

Related posts