യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഉപസമിതി നാളെ ജില്ലയില്‍

kkd-UDFകൊച്ചി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച വിലയിരുത്തി പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിന് കെപിസിസി നിയോഗിച്ചിട്ടുള്ള ഫാക്ട് ഫൈന്‍ഡിംഗ് കമ്മിറ്റി നാളെ എറണാകുളത്ത് സിറ്റിംഗ് നടത്തും.  ഇന്നലെ തൃശൂരില്‍ നടന്ന ഫാക്ട് ഫൈന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എറണാകുളത്ത് കോണ്‍ഗ്രസിന് സീറ്റുകള്‍ കുറഞ്ഞിരുന്നെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് മികച്ച പ്രകടനമായിരുന്നു. എന്നാല്‍ ജില്ലയില്‍ മത്സരിച്ച മുതിര്‍ന്ന മൂന്ന് നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.

കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍, ജോസഫ് വാഴയ്ക്കന്‍ എന്നീ മുതിര്‍ന്ന നേതാക്കളുടെ പരാജയം നാളത്തെ ഉപസമിതിക്കു മുമ്പാകെ ചര്‍ച്ചാ വിഷയമാകും. പാര്‍ട്ടിക്കുവേണ്ടാത്ത സ്ഥാനാര്‍ഥി എന്ന പ്രചരണത്തെ പ്രതിരോധിക്കാന്‍ നേതൃത്വത്തിനായില്ലെന്ന് വ്യക്തമാക്കി കെ.ബാബു പരസ്യമായി കെപിസിസി നേതൃത്വത്തിനെതിരെ നിലപാടറിയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വിമതന്‍ പിടിച്ച വോട്ടുകളാണ് ഡൊമനിക് പ്രസന്റേഷന്റെ പരാജയത്തിന് കാരണമായത്. ഇത്തരം കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന ഉപസമിതിക്ക് മുന്നില്‍ എത്തുമെന്ന് കരുതപ്പെടുന്നു.

കമ്മിറ്റി കണ്‍വീനര്‍ ഭാരതിപുരം ശശി, അംഗങ്ങളായ എന്‍. വേണുഗോപാല്‍, അഡ്വ. ബിന്ദു കൃഷ്ണ എന്നിവരാണ് സിറ്റിംഗ് നടത്തുന്നത്. രാവിലെ 10.30ന് ഡിസിസി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍ എന്നിവരാണ് പങ്കെടുക്കേ|ത്. മൂന്നിന് ചേരുന്ന യോഗത്തില്‍ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, ഡിസിസി അംഗങ്ങള്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരും പങ്കെടുക്കും. കെപിസിസിയും ഡിസിസിയും ലഭിച്ചിട്ടുള്ള പരാതികള്‍ കമ്മിറ്റി പരിശോധിക്കുന്നതും ആവശ്യമെങ്കില്‍ തെളിവെടുപ്പു നടത്തുന്നതുമാണ്.

Related posts