ആലപ്പുഴ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഹരിപ്പാട് മണ്ഡലത്തില്‍ ആഭ്യന്തരമന്ത്രി കൂടിയായ രമേശ് ചെന്നിത്തല നേടിയ ഉജ്വല വിജയം ജില്ലയിലെ പരാജയത്തിനിടയിലും യുഡിഎഫിനു ആശ്വാസമായി. 18621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തലയുടെ വിജയം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡുയര്‍ത്തിയായിരുന്നു ചെന്നിത്തലയുടെ പടയോട്ടം. എതിരാളി പി. പ്രസാദിനു ഒരു ഘട്ടത്തിലും ഭീഷണിയുയര്‍ത്താനായിരുന്നില്ല.
തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഘട്ടത്തിലും ചെന്നിത്തല മുന്നേറിയിരുന്നെങ്കിലും ചില ഘട്ടത്തിലെങ്കിലും പ്രസാദ് കടുത്ത മത്സരം സൃഷ്ടിക്കുമെന്ന പ്രതീതിയുയര്‍ത്തിയിരുന്നു. എന്നാല്‍ പോളിംഗ് ദിനത്തില്‍ കനത്ത പോളിംഗ് കൂടി വന്നതോടെ ചെന്നിത്തല വന്‍ വിജയത്തിലേക്കു കടന്നു. 13 സ്ഥാനാര്‍ഥികളായിരുന്നു ഹരിപ്പാട് മത്സരരംഗത്ത്. 76.9 ആയിരുന്നു മണ്ഡലത്തിലെ പോളിംഗ്. ബിഎസ്പിയും എസ്ഡിപിഐയും എസ്‌യുസിഐയും പിഡിപിയുമടക്കമുള്ള പാര്‍ട്ടികളുടെ മത്സരാര്‍ഥികള്‍ മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെയുണ്ടായിരുന്നു. ഇതുകൂടാതെ ആറു സ്വതന്ത്രന്‍മാരും.
കഴിഞ്ഞ തവണ 5520 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ചെന്നിത്തല സിപിഐയിലെ ജി. കൃഷ്ണപ്രസാദിനെ പരാജയപ്പെടുത്തിയത്. ഇക്കുറി പ്രസാദിനെ ഇതിന്റെ രണ്ടിരട്ടിയലധികം വോട്ടുകള്‍ക്കായിരുന്നു തോല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഏറെ വോട്ടുകളും അദ്ദേഹം നേടി. എന്‍ഡിഎയ്ക്ക് ജില്ലയില്‍ ഏറ്റവും കുറവു വോട്ടുകള്‍ ലഭിച്ചതും ഹരിപ്പാട്ടാണെന്ന പ്രത്യേകതയുണ്ട്. ഡി. അശ്വനി ദേവായിരുന്നു ബിജെപി സ്ഥാനാര്‍ഥി. അദ്ദേഹത്തിന് 12985 വോട്ടുകള്‍ മാത്രമാണ് കിട്ടിയതും. മൂന്നു മുന്നണി സ്ഥാനാര്‍ഥികളൊഴികെ ശേഷിച്ചവരുടെ വോട്ടുകള്‍ മൂന്നക്കത്തില്‍ ഒതുങ്ങി. അഞ്ചു സ്വതന്ത്രന്‍മാര്‍ക്ക് രണ്ടക്കം കാണാനേ കഴിഞ്ഞുള്ളൂ.
താന്‍ വിജയിച്ചെങ്കിലും യുഡിഎഫിനേറ്റതു വന്‍ തിരിച്ചടിയാണെന്നു ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഉണ്ടായ അഴിമതിയാരോപണങ്ങള്‍ യുഡിഎഫിന്റെ പരാജയത്തിനു കാരണമായിട്ടുണ്ടോയെന്നു പരിശോധിക്കും. പരാജയത്തെക്കുറിച്ചു യുഡിഎഫ് വിലയിരുത്തും. തന്റെ വിജയത്തില്‍ ഹരിപ്പാട്ടെ ജനങ്ങളോടാണ് താന്‍ കടപ്പെട്ടിരിക്കുന്നത്. യൂഡിഎഫ് പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് തന്റെ വിജയത്തിനു കാരണമെന്നും ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.