യുവാവിനെ പോലീസ് തല്ലിച്ചതച്ച സംഭവം: അന്വേഷണം ആരംഭിച്ചു

alp-policeമൂവാറ്റുപുഴ: യുവാവിനെ മോഷ്ടാവെന്നാരോപിച്ച് തല്ലിച്ചതച്ച മൂവാറ്റുപുഴ പോലീസിനെതിരേ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. അതിനിടെ പോലീസിന്റെ ഭീഷണിയെ തുടര്‍ന്നാണെന്നു പറയുന്നു യുവാവ് ആശുപത്രി വിട്ടു. തിരുവനന്തപുരം ആറ്റിങ്ങല്‍ മോളികോട്ടേജില്‍ പ്രദീഷി(36)നാണ് മൂവാറ്റുപുഴ പോലീസിന്റെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്.  കഴിഞ്ഞ 25ന് ആനിക്കാട് കമ്പനിപടിയിലെ വീട്ടില്‍ നിന്നും 46,000 രൂപയും രണ്ടുപവന്‍ സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. മോഷണം നടന്ന വീടിനു സമീപം കഴിഞ്ഞ 22നാണ് പ്രദീഷ് രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമൊത്ത് കുടുംബസമ്മേതം വാടകയ്ക്ക് താമസം ആരംഭിച്ചത്.

വാഴക്കുളത്ത് തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്ന പ്രദീഷിനെ സംശയത്തിന്റെ പേരില്‍ ഒരു സംഘം സിപിഐ പ്രവര്‍ത്തകര്‍ 26ന് രാത്രി 8.30ന് കാറില്‍ കയറ്റി മൂവാറ്റുപുഴ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നു മോഷണക്കുറ്റം സമ്മതിക്കണമെന്നാവശ്യപ്പെട്ട് മൂന്നുദിവസം കുടിവെള്ളംപോലും നല്‍കാതെ മര്‍ദിക്കുകയായിരുന്നുവെന്ന് പ്രദീഷ് പോലീസ് കംപ്ലയ്ന്റ് അതോറിറ്റിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് സ്‌റ്റേഷനു പിന്നിലെ മുറിയില്‍ നിലത്ത് മണലും മെറ്റലും വിരിച്ചശേഷം മുട്ടുകുത്തി നില്‍ക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. വയറ്റില്‍ ഓപ്പറേഷന്‍ ചെയ്തതിനാല്‍ മുട്ടുകുത്തി നില്‍ക്കാന്‍ കഴിയില്ലെന്ന് പ്രദീഷ് പറഞ്ഞതോടെ പോലീസുകാര്‍ ബലമായി ഇരുത്തുകയായിരുന്നു. പിന്നീട്, നിലത്ത് കിടത്തിയുമായിരുന്നു ക്രൂരമര്‍ദനം.

ഇതോടെ നട്ടെല്ലടക്കം തകര്‍ന്നു. ഇടത്തെ കാല്‍മുട്ടിന് താഴെ ബൂട്ടിട്ട് ചവിട്ടി ഞെരിച്ചു. ഇതോടെ അസ്ഥിക്കും ഒടിവു സംഭവിച്ചു. എസ്‌ഐയുടെ നേതൃത്വത്തില്‍ ഏഴോളം പോലീസുകാരാണ് മൂന്നാംമുറയടക്കമുള്ള മര്‍ദനം നടത്തിയതെന്ന് പ്രദീഷ് പറഞ്ഞു. മൂന്നാം ദിവസവും മര്‍ദനം തുടര്‍ന്നെങ്കിലും പ്രതിയല്ലെന്നു മനസിലായതോടെ പോലീസ് പിടികൂടിയ കാര്യമോ മര്‍ദനമോ ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കാറില്‍ സ്റ്റേഷനിലെത്തിയ പ്രദീഷിനെ പിന്നീട് ആംബുലന്‍സിലാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍, പോലീസിന്റെ ഭീഷണി മൂലം കഴിഞ്ഞ രാത്രി പ്രദീഷ് തിരുവനന്തപുരത്തേയ്ക്കു പോയി. പരിക്കു ഗുരുതരമാണെന്നും പോകരുതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും പ്രദീഷ് നിര്‍ബന്ധിച്ച് പോവുകയായിരുന്നു. തയ്യല്‍ തൊഴിലാളിയായ നിര്‍ദ്ധന കുടുംബത്തിലെ യുവാവിനെ തല്ലിച്ചതച്ച മൂവാറ്റുപുഴ ജനമൈത്രി പോലീസിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. അതേസമയം,  പ്രദീഷിനെ ചോദ്യം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മര്‍ദിച്ചുവെന്നത് അടിസ്ഥാനരഹിതമാണെന്നുമാണ് പോലീസ് ഭാഷ്യം.

Related posts