യുവാവിന്റെ മരണത്തില്‍ ദുരൂഹത: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതി

KNR-COURTപയ്യന്നൂര്‍: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പിതാവ് ഹൈക്കോടതിയല്‍ ഹര്‍ജി നല്‍കി. പയ്യന്നൂര്‍ നമ്പ്യാത്രകൊവ്വലിലെ എന്‍.കെ.ഭരതനാണ് മകന്‍ എന്‍.കെ.അനീഷ് (29) പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാനുള്ള നടപടികള്‍ വേണമെന്നുമാണ് ആവശ്യം.

മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിഐജി, ജില്ലാ പോലീസ് സൂപ്രണ്ട്, പയ്യന്നൂര്‍ സിഐ എന്നിവര്‍ക്ക് ഭരതന്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് തയാറാക്കിയ എഫ്‌ഐആറിന്റെ കോപ്പി, പോലീസുദ്യോഗസ്ഥര്‍ക്കു നല്‍കിയ പരാതികളുടെ കോപ്പികള്‍, മകന്റെ മൊബൈല്‍ ഫോണിന്റെ കോള്‍ ലിസ്റ്റ് എന്നിവ സഹിതമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ നവംബര്‍ 29ന് തീപൊള്ളലേറ്റതിനെ തുടര്‍ന്നുള്ള ചികിത്സക്കിടയില്‍ ഡിസംബര്‍ ഒന്നിനാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അനീഷ് മരിച്ചത്. അനീഷിന്റെ മരണം പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മരണത്തിലുള്ള ദുരൂഹത നീക്കാനുള്ള സമഗ്രമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു.

Related posts