മാഡ്രിഡ്/മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്േബാളിന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ വന്‍ വിജയം തേടി റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങും. ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് വൂള്‍ഫ്‌സ്ബര്‍ഗില്‍നിന്നു അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പാരി സാന്‍ ഷര്‍മയിനെതിരേ സിറ്റി സമനിലയുമായി തലയുയര്‍ത്തി മടങ്ങി. രാത്രി 12.15നാണ് മത്സരം.
വന്‍ ജയം പ്രതീക്ഷിച്ച് റയല്‍
വൂള്‍ഫ്‌സ്ബര്‍ഗിനോട് ഫോക്‌സ്‌വാഗന്‍ ആരീനയിലേറ്റ 2-0ന്റെ അപ്രതീക്ഷിത തോല്‍വിക്ക് പകരം ചോദിക്കാന്‍ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ പേരിനിറങ്ങും. എല്‍ക്ലാസികോ ജയിച്ച സിനദിന്‍ സിദാന്‍ നേരിടുന്ന അടുത്ത പരീക്ഷണമാണ് വൂള്‍ഫ്‌സ്ബര്‍ഗിനെതിരേയുള്ള മത്സരം. ആദ്യപാദത്തിലെ തോല്‍വി മറികടക്കാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് വന്‍ ജയം കൂടിയേ തീരൂ. സെമിയിലെത്താനായാല്‍ തുടര്‍ച്ചയായ ആറ് ചാമ്പ്യന്‍സ് ലീഗ് സീസണിലും സെമിപ്രവേശനമെന്ന നേട്ടവും സ്വന്തം. എന്നാല്‍, ചരിത്രം റയലിനെതിരാണ്. കഴിഞ്ഞ അഞ്ച് പ്രാവശ്യവും ആദ്യ പാദം എവേ ഗ്രൗണ്ടില്‍ പരാജയപ്പെട്ട റയലിനു സ്വന്തം ഗ്രൗണ്ടില്‍ വിജയിക്കാനായിട്ടില്ലെന്നതാണു സത്യം.
വൂള്‍ഫ്‌സിനെതിരേ സ്വപ്നരാത്രി ആഘോഷിക്കാന്‍ തയാറെടുത്തോളൂയെന്ന് റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരോടു പറഞ്ഞുകഴിഞ്ഞു. ഇന്നത്തെ രാത്രി വളരെ മനോഹരമാവും മാന്ത്രികത്വം നിറഞ്ഞതുമായിരിക്കും. ആരാധകരുടെ പിന്തുണയോടെ തങ്ങള്‍ ഗ്രൗണ്ടില്‍ ഏറ്റവും മികച്ച മത്സരം പുറത്തെടുത്തു വിജയം നേടുമെന്നും റൊണാള്‍ഡോ പറഞ്ഞു. കളത്തിലുള്ള കളിക്കാരും ബെഞ്ചിലുള്ള കളിക്കാര്‍ക്കുമൊപ്പം ഗ്രൗണ്ടില്‍ നിറയുന്ന 80,000ത്തിലേറെ കാണികളും ടീമിനെ പിന്തുണയ്ക്കുന്നതു കാണാന്‍ വളരെ സന്തോഷമാണ്. ഇത് തങ്ങള്‍ക്കു വലിയ പ്രോത്സാഹനമാകും- പോര്‍ച്ചുഗീസ് താരത്തിന്റെ വാക്കുകളില്‍ ആത്മവിശ്വാസം.
ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ വൂള്‍ഫ്‌സ്ബര്‍ഗ് ആദ്യപാദ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ റിക്കാര്‍ഡോ റോഡ്രിഗസ്, മാക്‌സ്മില്യന്‍ അര്‍ണോള്‍ഡ് എന്നിവരുടെ ഗോളിലാണ് റയലിനെ അട്ടിമറിച്ചത്. ഈ തോല്‍വിയില്‍നിന്നും മുക്തരായ റയല്‍ ലാ ലിഗയിലെ കഴിഞ്ഞ കളിയില്‍ ഐബറിനെ 4-0ന് തകര്‍ത്ത് ആത്മവിശ്വാസം വീണെ്ടടുത്തു. ആ മത്സരത്തില്‍ റൊണാള്‍ഡോയെ കൂടാതെ മൂന്നു പേരാണ് വല കുലുക്കിയത്. ഹാമിഷ് റോഡ്രിഗ്‌സ്, ലുകാസ് വാസ്ക്വസ് ജെസെ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ റയലിനു വൂള്‍ഫ്‌സ്ബര്‍ഗിനെ മറികടക്കാന്‍ സാധിക്കൂ. തുടക്കം മുതലേ ആക്രമിച്ചു കളിച്ചു ലീഡ് നേടുകയാണ് ലക്ഷ്യമെന്ന് റയല്‍ മധ്യനിരതാരം ടോണി ക്രൂസ് പറഞ്ഞു. ആദ്യ പകുതി 0-0ന് തീരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ക്രൂസ് പറഞ്ഞു. റയലിന്റെ ആക്രമണ ഫുട്‌ബോളിനെ നന്നായറിയാവുന്ന വൂള്‍ഫ്‌സ്ബര്‍ഗ് കരുതിയിരിക്കുകയാണ്. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന റയല്‍ ലാ ലിഗയിലെ പല മത്സരങ്ങളിലും വന്‍ ജയമാണു നേടിയിരിക്കുന്നത്.
സെമി ലക്ഷ്യമിട്ട് സിറ്റി, പിഎസ്ജി
ഇന്നു ജയിക്കുന്നവര്‍ ആരാണെങ്കിലും അതു ചരിത്രമാകും. സിറ്റിയാണ് ജയിച്ചെത്തുന്നതെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ആദ്യ സെമി പ്രവേശനമാകും. പിഎസ്ജിയാണെങ്കില്‍ വളരെ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സെമി പ്രവേശനവും. 1994-95 സീസണിലാണ് പിഎസ്ജി അവസാനമായി സെമിയിലെത്തിയത്. കഴിഞ്ഞ മൂന്നു സീസണിലും ക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാരുടെ വിധി. ആദ്യപാദം 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. എന്നാല്‍, സിറ്റിയെ അവരുടെ തട്ടകം എത്തിഹാദ് സ്റ്റേഡിയത്തില്‍ മറികടക്കുകയെന്നത് പിഎസ്ജിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. സിറ്റി ആദ്യപാദത്തില്‍ പാരീസില്‍വച്ച് രണ്ടു ഗോള്‍ നേടി. ഇതിന്റെ ആനുകൂല്യം പരമാവധി മുതലാക്കാനാണ് മാനുവല്‍ പെല്ലെഗ്രിനിയുടെ ടീമിന്റെ ലക്ഷ്യം. ഗോള്‍രഹിത പോലും സിറ്റിയെ സെമിയി ലെത്തിക്കും.
ലോറന്റ് ബ്ലാങ്കിന്റെ പിഎസ്ജി ഈ സീസണ്‍ ഉള്‍പ്പെടെ കഴിഞ്ഞ മൂന്നു ലീഗ് സീസണിലും ചാമ്പ്യന്മാരായി. എന്നാല്‍ അവിടത്തെ പ്രകടനം ചാമ്പ്യന്‍സ് ലീഗില്‍ പുറത്തെടുക്കാനായില്ല. യുവേഫ യുറോപ്പ കപ്പ് എവേ ഗ്രൗണ്ടിലെ ആദ്യ പാദത്തില്‍ 2-2ന് സമനിലയായശേഷം രണ്ടാം പാദത്തില്‍ ജയിച്ച ചരിത്രം അവര്‍ക്കുണ്ട്. പ്രായം മുപ്പത്തിനാലിലെത്തിയ പിഎസ്ജി സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നത് ഫ്രഞ്ച് ക്ലബ്ബിന്റെ കരുത്ത് കൂട്ടുന്നു. ഇബ്രാഹിമോവിച്ചിന് കൂട്ടായി എഡിന്‍സണ്‍ കവാനിയുണ്ട്. പിന്നെ മധ്യനിരയില്‍ കളി മെനയാനും ഗോളടിക്കാനും അടിപ്പിക്കാനുമായി ഏയ്ഞ്ചല്‍ ഡി മരിയയുമുണ്ട്.
ആദ്യ പാദത്തില്‍ ഇബ്രാഹിമോവിച്ചും അഡ്രിയന്‍ റാബിയറ്റും ഗോള്‍ നേടിയിരുന്നു. സിറ്റിക്കാണെങ്കില്‍ മുന്‍നിരയിലും മധ്യനിരയിലും മിടുക്കരുടെ നിര തന്നെയുണ്ട്. മുന്നില്‍ സെര്‍ജിയോ അഗ്വേറോ, റഹീം സ്റ്റെര്‍ലിംഗ് എന്നിവരുണ്ട്. മധ്യനിരയില്‍ ജീസസ് നവാസ്, ഫെര്‍ണാണ്ടീഞ്ഞോ, യായ ടുറെ, കെവിന്‍ ഡി ബ്രുയിന്‍ എന്നിവരുണ്ട്. എന്നാല്‍, പ്രതിരോധനിരയില്‍ ശക്തരായ ടീം നായകന്‍ വിന്‍സന്റ് കോംപനി, നികോളസ് ഒടാമെന്‍ഡി എന്നിവര്‍ ഇല്ലാത്തത് സിറ്റിക്ക് വളരെ പ്രയാസമാണ് നല്‍കുന്നത്. അതുകൊണ്ട് പ്രതിരോധത്തിലെ പ്രധാനി മാര്‍ട്ടിന്‍ ഡെമിഷെല്‍സ് ആയിരിക്കും. ഡി ബ്രുയിന്‍, ഫെര്‍ണാണ്ടീഞ്ഞോ എന്നിവരായിരുന്നു ആദ്യപാദത്തില്‍ സിറ്റിയുടെ ഗോള്‍സ്‌കോറര്‍മാര്‍.