റയല്‍ മാഡ്രിഡ്- ബാഴ്സലോണ എല്‍ ക്ലാസിക്കോ പോരാട്ടത്തോടെ യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ വീണ്ടും ഉണരുന്നു. ഫ്രാന്‍സില്‍ ലീഗ് വണ്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം ഒന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോര് മുറുകുകയാണ്. ഇംഗ്ലണ്ടില്‍ പുതിയ ചാമ്പ്യന്മാരെയാണ് തേടുന്നത്. മറ്റ് ലീഗുകളില്‍ നിലവിലെ ചാമ്പ്യന്മാര് തന്നെ ആദ്യ സ്ഥാനത്ത്. സ്പെയിനില്‍ വലിയ മാറ്റമൊന്നുമില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ തന്നെയാണ് ഒന്നാമത്. അത്ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും ബാഴ്സയ്ക്കു പിന്നില്‍. ജര്‍മന്‍ ബുണേ്ടസ് ലീഗയില്‍ ബയേണ്‍ കിരീടം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനു വെല്ലുവിളിയായി നാപ്പോളിയുണ്ട്.
സ്പാനിഷ് ലാ ലിഗ
ഒരാഴ്ചയ്ക്കു ശേഷം സ്പാനിഷ് ലീഗ് പോരാട്ടങ്ങള്‍ വീണ്ടും തുടങ്ങുമ്പോള്‍ എല്‍ ക്ലാസിക്കോയുടെ ആവേശം മത്സരങ്ങള്‍ക്കു കൂടുതല്‍ ചാരുത പകരും. ഇന്നു രാത്രി പന്ത്രണ്ടിനു ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പിലാണ് ബാഴ്സ-റയല്‍ ക്ലാസിക് പോരാട്ടം. സ്വന്തം കാണികളുടെ മുന്നില്‍ നേരിട്ട നാണംകെട്ട തോല്‍വിക്കു പകരംവീട്ടാനാണ് സിനദിന്‍ സിദാന് പരിശീലിപ്പിക്കുന്ന റയല്‍ മാഡ്രിഡെത്തുന്നത്. ലാ ലിഗ ഉള്‍പ്പെടെ കഴിഞ്ഞ 39 കളിയില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബാഴ്സലോണ ഉഗ്രന്‍ ഫോമിലാണ്. 30 കളില്‍ 24 ജയം, നാലു സമനില, രണ്ടു തോല്‍വി എന്നിവയുമായി 76 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത്. മൂന്നാമതുള്ള റയലിന്റെ പേരില്‍ 20 ജയം ആറു സമനില, നാലു തോല്‍വി എന്നിവയാണുള്ളത്.
ബാഴ്സയുടെ നിലവിലെ മിന്നും ഫോം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും തലവേദനയാകും. ബാഴ്സ നിരയില്‍ എംഎസ്എന്‍ (മെസി-സുവാരസ്-നെയ്മര്‍) ത്രയം കരുത്താര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. മറുവശത്തുള്ള റയലിനാണെങ്കില് ബിബിസി എന്ന പേരിലറിയപ്പെടുന്ന കരീം ബെന്‍സമ, ഗരത് ബെയ്ല്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ത്രയം മികവിലെത്തിയാല്‍ സിദാന്റെ ടീമിന് കറ്റാലന്‍ മണ്ണില്‍ വെന്നിക്കൊടി പാറിക്കാനാകും. റാഫേല്‍ ബെനിറ്റസിന്റെ സ്ഥാനത്ത് സിദാന് എത്തിയപ്പോള്‍ റയലിന്റെ പ്രകടനത്തിന് മാറ്റംവന്നു തുടങ്ങി. അത്ലറ്റികോ മാഡ്രിഡിനെതിരേ സ്വന്തം ഗ്രൗണ്ടിലേറ്റ തോല്‍വിയാണ് സിദാന്റെ കീഴില്‍ ടീമിനു നേരിടേണ്ടിവന്ന ഏക തോല്‍വി.
ലീഗില്‍ മുപ്പതു മത്സരം പൂര്ത്തിയാപ്പോള് ഗോള്‍ അടിക്കുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള അഞ്ചുപേരാണ് എല്‍ ക്ലാസിക്കോയില്‍ മാറ്റുരയ്ക്കുന്നത്. ലീഗിലെ ഇതുവരെയുള്ള എല്ലാം മത്സരത്തിലും ഇറങ്ങിയ റൊണാള്‍ഡോ 28 ഗോളുമായി ഒന്നാമതും രണ്ടു കളി കുറച്ചു കളിച്ച സുവാരസ് 26 ഗോളുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാമതുള്ള മെസിക്ക് 25 കളിയില്‍നിന്ന് 22 ഗോളും നെയ്മറിന് 21 ഗോളും ബെന്‍സമയ്ക്കു 20 ഗോളും അക്കൗണ്ടിലുണ്ട്. ബാഴ്സലോണ ഇത്തവണ 86 തവണ എതിര്‍വല കുലുക്കിയപ്പോള്‍ റയല്‍ ഒരു ഗോള്‍ കൂടുതല്‍ എതിര്‍വലയില്‍ എത്തിച്ചു. റയലിന്റെ വല കുലുക്കി മെസി തന്റെ കരിയര്‍ ഗോള്‍ 500 ആക്കുമോ എന്നറിയാനായി ഫുട്ബോള്‍ ലോകം കാത്തിരിക്കുകയാണ്. ബൊളീവിയയ്ക്കെതിരേയുള്ള ലോകകപ്പ് യോഗ്യത മത്സരത്തില്‍ മെസി 499 ഗോള്‍ തികച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇനി വീറുറ്റതും ചൂടുപിടിച്ചതുമായ ഫുട്ബോള്‍ പോരാട്ടങ്ങളുടെ കാലം. പുതിയ ചാമ്പ്യനെയാണ് ലീഗ് കാത്തിരിക്കുന്നത്. ലീസ്റ്റര്‍ സിറ്റിയും ടോട്ടനം ഹോട്സ്പറും കിരീടപോരാട്ടം സജീവമാക്കിക്കൊണ്ട് ആദ്യ സ്ഥാനങ്ങളിലുണ്ട്. ഇരുകൂട്ടരും 31 കളി വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 66 പോയിന്റുമായി ലീസ്റ്റര്‍ ഒന്നാമതും 61 പോയിന്റുള്ള ടോട്ടനം രണ്ടാമതുമാണ്. ഇരുവര്‍ക്കും ഇനി ഏഴു മത്സരം കൂടിശേഷിക്കുന്നുണ്ട്. മൂന്നാമതുള്ള ആഴ്സണലിനു ലീസ്റ്ററുമായി പതിനൊന്നു പോയിന്റ് വ്യത്യാസമാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയാണെങ്കില്‍ പതിനഞ്ച് പോയിന്റ് അന്തരത്തില്‍ നാലാമതായി നില്ക്കുന്നു. സിറ്റിയും ആഴ്സണലും മുപ്പതു കളി പൂര്‍ത്തിയാക്കി. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും കീരിടപോരാട്ടത്തില് ഇല്ല. പോയിന്റ് നില മെച്ചപ്പെടുത്തുക എന്നതാണ് ഇനി അവരുടെ ലക്ഷ്യം. യുണൈറ്റഡ് നിലവില്‍ ആറാമതാണ്. യുണൈറ്റഡിന് ആദ്യ നാലിനുള്ളില്‍ എത്താനായാല് ചാമ്പ്യന്‍സ് ലീഗിലേക്കു കടക്കുന്നതില്‍ പ്രതീക്ഷ വയ്ക്കാം. ചെല്‍സി പത്താമതാണ്.
ബുണേ്ടസ് ലീഗ
ജര്‍മന്‍ ബുണേ്ടസ് ലീഗയില്‍ ടീമുകളെല്ലാം 27 മത്സരം പൂര്‍ത്തിയാക്കി ഇനിയുള്ളത് ഏഴു കളികള്‍. ഈ സീസണോടെ ക്ലബ് വിടുന്ന പരിശീലകന് പെപ് ഗാര്‍ഡിയോളയ്ക്ക് ഒരിക്കല്‍ക്കൂടി ലീഗ് കിരീടം നല്‍കുക എന്ന ലക്ഷ്യത്തോടെ കളിക്കുന്ന ബയേണ്‍ മ്യൂണിക് 27 മത്സരം കഴിഞ്ഞപ്പോള്‍ 69 പോയിന്റുമായി ഒന്നാമതാണ്. പിന്നില്‍ 64 പോയിന്റുള്ള ബൊറൂസിയ ഡോര്ട്ട്മുണ്ടുമുണ്ട്. മൂന്നാമതുള്ള ഹെറാത്ത 48 പോയിന്റുമായി ആദ്യ രണ്ടു പേരില്‍നിന്നും വളരെ പിന്നിലാണ്. ഗോള്‍വേട്ടക്കാരില്‍ ലെവന്‍ഡോസ്കിയാണ് (25) ഒന്നാമത്. ഇന്നു നടക്കുന്ന മത്സരങ്ങളില്‍ ബയേണ്‍ സ്വന്തം ഗ്രൗണ്ടില്‍ ഫ്രാങ്ക്ഫര്‍ട്ടുമായി എതിരിടുമ്പോള്‍ ബൊറൂസിയയും സ്വന്തം ഗ്രൗണ്ടില്‍ വെര്‍ഡര്‍ ബ്രെമനെ പോരാടും.
സീരി എ
ഇറ്റാലിയന്‍ സീരി എയില്‍ മുപ്പതു മത്സരം പൂര്‍ത്തിയായ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് കിരീട പോരാട്ടം സജീവമാക്കി. ഇനി എട്ട് കളികള്കൂടിയാണ് ശേഷിക്കുന്നത്. 70 പോയിന്റുള്ള യുവന്റസിനു വെല്ലുവിളിയായി 67 പോയിന്റുള്ള നപ്പോളിയുണ്ട്. ഇന്ന് അര്‍ധരാത്രി നടക്കുന്ന മത്സരത്തില്‍ യുവന്റസ് എംപോളിയെ സ്വന്തം ഗ്രൗണ്ടില്‍ നേരിടുന്നു. നാപ്പോളി എവേ ഗ്രൗണ്ടില്‍ ഉഡിനീസുമായി മാറ്റുരയ്ക്കും. 60 പോയിന്റുള്ള എഫ്സി റോമ മൂന്നാമതാണ്. മിലാന് ടീമുകള്‍ ഇത്തവണയും നിരാശരാക്കി. ഇടയ്ക്ക് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്റര്‍ മിലാന് അഞ്ചാം സ്ഥാനത്തായി. എസി മിലാന് ആറാമതും. നാപ്പോളിയുടെ കരുത്ത് ഹിഗ്വെയിന്റെ ഗോളടി മികവിലും യുവന്റസിനാണെങ്കില് 14 ഗോളുള്ള പൗളോ ഡയ്ബാലയുണ്ട്. എന്നാല്‍ ഒരാളുടെ മികവിനെ മാത്രം ആശ്രയിക്കാതെ ടീമിലെ മുന്നേറ്റക്കാരും മധ്യനിരക്കാരും ഗോളടിക്കുന്നതിനു മികവു കാട്ടുന്നുണ്ട്. പോള്‍ പോഗ്ബെ, സമി ഖദീര എന്നിവരുടെ ഗോളിക്കാനും അടിപ്പിക്കാനുമുള്ള മികവ് യുവന്റസിന്റെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തരാക്കുന്നു.
ഫ്രഞ്ച് ലീഗ് വണ്‍
ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടങ്ങളെല്ലാം 31 മത്സരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ നാലാം തവണയും പിഎസ്ജി ലീഗ് ചാമ്പ്യന്മാരായി. പോരാട്ടങ്ങള്‍ അവസാനത്തോടുക്കുന്നതിനു മുമ്പു തന്നെ പിഎസ്ജി ഈ ലീഗ് സീസണും തങ്ങളുടേതാക്കി. ലീഗില്‍ ഇനിയും എഴു മത്സരംകൂടിയുള്ളപ്പോള് പിഎസ്ജിക്ക് 77 പോയിന്റും രണ്ടാമതുള്ള മോണാക്കോയ്ക്കു 55 പോയിന്റുമുണ്ട്. തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന പിഎസ്ജിക്ക് കിരീടം ഉറപ്പിക്കുന്നതിനു വെറും മൂന്നു വിജയം കൂടി മതിയെന്നുള്ളപ്പോള് ഒളിമ്പിക് ലിയോണില്നിന്നു തോല്‍വി ഏല്ക്കേണ്ടിവന്നു. അവസാനം നടന്ന മത്സരത്തില്‍ മോണാക്കോയോടു സ്വന്തം നാട്ടില്‍ കീഴടങ്ങേണ്ടിയും വന്നു.