യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം സുരക്ഷിതന്‍: അബുദാബി ബിഷപ്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്തത് സുരക്ഷാ കാരണങ്ങളാല്‍

ISപ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: യെമനില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്നാണ് തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന സൂചനകളെന്ന് യെമനിലെ കത്തോലിക്കാ സഭയുടെ ചുമതലയുള്ള അബുദാബി ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം കപ്പൂച്ചിന്‍ രാഷ്ട്രദീപികയെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്തത് സുരക്ഷാ കാരണങ്ങളാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. മലയാളി വൈദികന്റെ മോചനം എത്രയും വേഗം സാധ്യമാക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രി സുഷമയോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു.  മോചനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നു സിബിസിഐ കേന്ദ്രസര്‍ക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടു. ഫാ. ടോമിനെ ഭീകരര്‍ ദുഃഖവെള്ളിയാഴ്ച ഭീകരര്‍ കുരിശിലേറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതു വെറും അഭ്യൂഹം മാത്രമാണെന്നും അത്തരമൊരു സംഭവത്തെക്കുറിച്ചു വിശ്വാസയോഗ്യമായ വിവരങ്ങളൊന്നും ഇല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സിബിസിഐയും വ്യക്തമാക്കി.

വാഷിംഗ്ടണ്‍ ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതോടെയാണു ഫാ. ടോമിനെക്കുറിച്ചു വ്യാപകമായ അഭ്യൂഹം പരന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണ്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുന്നതിനിടെ പങ്കുവച്ച ആശങ്കയെ സ്ഥിരീകരണമായി തെറ്റിദ്ധരിച്ചാണു മാധ്യമങ്ങളില്‍ അഭ്യൂഹം പരന്നത്.

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ സജീവമാക്കണമെന്നും അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ ശരിയായ വിവരം ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ചു സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ നേരില്‍ക്കണ്ടു നിവേദനം നല്‍കും.
നേരത്തേ ബംഗളൂരുവില്‍ ചേര്‍ന്ന ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തിനു ശേഷം ഫാ. ടോമിന്റെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍  മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കിയിരുന്നു.

സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കെസിബിസി ഭാരവാഹികളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മലയാളി വൈദികന്റെ മോചനം എത്രയും വേഗം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിദേശകാര്യമന്ത്രി സുഷമയോട് ഫോണില്‍ ആവശ്യപ്പെട്ടു. മോചനം വേഗത്തിലാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നു ഡല്‍ഹി ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഫാ. ടോമിനെ യെമനില്‍ ഭീകരര്‍ റാഞ്ചിയതാണെന്നും അദ്ദേഹത്തിന്റെ മോചനത്തിനായുള്ള  എല്ലാ ശ്രമങ്ങളും  നടത്തിവരുകയാണെന്നും വിദേശകാര്യമന്ത്രി സുഷമ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അറിയിച്ചിരുന്നു. യെമനിലെ ഏഡന്‍ തുറമുഖത്തിനു സമീപമുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഗതിമന്ദിരത്തില്‍നിന്നു കഴിഞ്ഞ നാലാം തീയതിയാണു പാലാ രാമപുരം സ്വദേശിയും സലേഷ്യന്‍ സഭാംഗവുമായ ഫാ. ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

അഗതി മന്ദിരത്തിലെ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ നാല് ഐഎസ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തിലെ ആത്മീയ ശുശ്രൂഷകനായിരുന്നു ഫാ. ടോം. അക്രമികള്‍ എത്തുമ്പോള്‍ ചാപ്പലില്‍ പ്രാര്‍ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു.

Related posts