പന്തളം: അന്താരാഷ്ട്ര നിലവാരത്തില്‍ മുഖംമിനുക്കിയ എംസി റോഡില്‍ പന്തളം പരിധിയില്‍ മാത്രം അപകടങ്ങളില്‍ പൊലിഞ്ഞത് 79 ജീവനുകള്‍. കുട്ടികളും സ്ത്രീകളുമടങ്ങുന്ന പട്ടികയില്‍ ഏറിയ പങ്കും യുവാക്കള്‍. പരിക്കേറ്റവരുടെ എണ്ണം 200ല്‍ അധികവും വരും. തുടരെ അപകടമേറിയപ്പോള് പോലീസും പൊതുമരാമത്ത് വകുപ്പും കെഎസ്ടിപിയും മോട്ടോര്‍വാഹനവകുപ്പും ജനമൈത്രി പോലീസും ഒറ്റയ്ക്കും സംയുക്തമായും നടത്തിയ പരിശ്രമങ്ങള്‍ തുടര്‍ന്നതിനിടയിലാണ് അപകടങ്ങളും ആവര്‍ത്തിച്ചത്. തിരുവനന്തപുരം തൈക്കാട് മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള എംസി റോഡ് ഒന്നാം ഘട്ട നവീകരണത്തിനു ശേഷം പന്തളം പോലീസ് സ്റ്റേഷന് പരിധിയില്‍ പെടുന്ന പറന്തല്‍-മാന്തുക ഭാഗത്തിനു അങ്ങനെ, അപകടപാത എന്ന ദുഷ്പേരും വീണു.
എംസി റോഡ് നവീകരണ ജോലികള്‍ തുടങ്ങിയ 2008, 2009 വര്‍ഷങ്ങളിലായി 12 പേരാണ് മരിച്ചതെങ്കില്‍, പദ്ധതി പൂര്‍ത്തിയായ 2010ല്‍ മാത്രം അപകടങ്ങളില്‍ മരിച്ചത് 19 പേരാണ്. 2011ലും 2012ലും 17 പേര് വീതമാണ് മരിച്ചത്. പന്തളം പോലീസ് സ്റ്റേഷന് പരിധിയില്‍ മറ്റ് റോഡുകളിലെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടത് 104 പേരാണ്. ഈസ്റ്റര്‍ ദിനത്തിലാണ് എംസി റോഡില്‍, ഒടുവിലായി അപകടം നടന്നത്. കാറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ചെങ്ങന്നൂര്‍ പെണ്ണുക്കര മണ്ണില്‍ വീട്ടില്‍ പ്രദിപ് മരിച്ചു.
ഭാര്യ സോണി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. ഗവേഷണം പോലും നടത്തിയാണ് വിവിധ വകുപ്പുകള്‍ അപകട നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പറന്തലിലും മാന്തുക രണ്ടാം പുഞ്ചയ്ക്ക് സമീപവും രണ്ട് വീതവും മെഡിക്കല്‍ മിഷന് കവലയിലും മണികണ്ഠനാല്‍ത്തറയ്ക്ക് സമീപവും ഓരോന്നും ഹമ്പുകള്‍ സ്ഥാപിച്ചു. കുരമ്പാലയിലും മാന്തുകയിലും രഹസ്യക്യാമറകളും അത്യാവശ്യം സൂചനാ ബോര്‍ഡുകളും. അപകടമേഖല തുടങ്ങുന്ന പറന്തലില്‍ അപകടങ്ങള്‍ കുറഞ്ഞെങ്കിലും മറ്റിടങ്ങളില്‍ മാറ്റമുണ്ടായില്ല.
കുരമ്പാല കവല, കാണിക്കവഞ്ചിക്ക് സമീപം, കത്തോലിക്കാ പള്ളിക്ക് മുന്നില്‍, കഷായാശുപത്രി കവല, ഇടയാടി, തോപ്പില്‍ കവല, ചിത്രാ ആശുപത്രി പടി, മെഡിക്കല്‍ മിഷന് ഭാഗം, പന്തളം കവല, ആല്ത്തറപടി, വലിയപാലം, കൈപ്പുഴ വായനശാലാ കവല, കുളനട, മാന്തുക ഒന്നാം പുഞ്ച, രണ്ടാം പുഞ്ച ഭാഗങ്ങളില്‍ തുടരെ അപകടം നടന്നു. മാന്തുക കവലയില്‍ ഫെബ്രുവരി 16ന് നടന്ന അപകടത്തില്‍ മാന്തുക സ്വദേശി സോമരാജനും ചെങ്ങന്നൂര്‍ സ്വദേശിനി ജോയമ്മയും മരിച്ചു. അപകടങ്ങളുടെ എണ്ണം പിടിവിട്ടു പോയതോടെ പ്രതിരോധവുമായെത്തിയ അധികൃതര്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന മട്ടില്‍ പിന്‍വാങ്ങുകയും ചെയ്തു. ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നത് തന്നെയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, മറികടക്കല്‍ എന്നിവയാണ് പ്രധാനം. റോഡിന്റെ നിലവാരം വര്‍ധിപ്പിക്കുമ്പോള്‍ നിശ്ചിത വീതി, നടപ്പാത എന്നിവയുണ്ടായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, പന്തളം മേഖലയിലെ നവീകരണ പദ്ധതിയില്‍ ഈ ചട്ടങ്ങള്‍ പാടെ ലംഘിക്കപ്പെട്ടു. സ്ഥലം ഏറ്റെടുക്കലില്‍ വ്യാപക അഴിമതി നടന്നത് കാരണം റോഡിന്റെ ഘടന തന്നെ മാറി. വളവുകളില്‍ പോലും നിശ്ചിത വീതിയില്ലാതിരുന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.