രാജന്റെ ഏകാന്തവാസം വീഴാറായ ഒറ്റമുറി കൂരയില്‍

tcr-ottamuriവടക്കഞ്ചേരി: ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ഒറ്റമുറി കൂരയിലാണ് അഞ്ചുമൂര്‍ത്തിമംഗലം മൂന്നാഴിപറമ്പ് പരേതനായ കുഞ്ഞിരാമന്‍ നായരുടെ മകന്‍ രാജന്റെ (കൃഷ്ണദാസ്- 45) ഏകാന്ത ജീവിതം. ചുമര്‍പിളര്‍ന്ന് മഴക്കാലം ശക്തിപ്പെടുംമുമ്പേ വീണ് എന്തെങ്കിലും അത്യാഹിതം സംഭവിക്കാമെന്ന സ്ഥിതി.മേല്‍ക്കൂരയുടെ കഴുക്കോലും പട്ടികയും ചിതല്‍പിടിച്ച് ഒരു ഭാഗത്തെ ഓടുമുഴുവന്‍ തകര്‍ന്നു. കഴിഞ്ഞദിവസം മഴപെയ്തപ്പോള്‍ ഈ ഒറ്റമുറിക്കുള്ളില്‍ വെള്ളം നിറഞ്ഞു. രാജന്‍ അങ്ങനെ ആരോടും സംസാരിക്കുന്ന പ്രകൃതക്കാരനല്ല. 2000-ല്‍ അമ്മ കാര്‍ത്ത്യായനിയമ്മ മരിച്ചതിനുശേഷം രാജന്‍ പിന്നെ വീട്ടില്‍ തനിച്ചായി. അത്യാവശ്യം സൗകര്യമുള്ള വീടുണ്ടായിരുന്നു. അതിവര്‍ഷമുണ്ടായ 2007-ല്‍ അതു തകര്‍ന്നുവീണു.

ശേഷിച്ച ഇടുങ്ങിയ ഒറ്റമുറിയിലാണ് ഒമ്പതുവര്‍ഷമായി രാജന്‍ കഴിയുന്നത്. അവിവാഹിതനാണ്. മംഗലംപാലത്തെ ഹോട്ടലില്‍ ഇടയ്ക്ക് പണിക്കുപോകും. വൈകുന്നേരം ഏഴുമുതല്‍ രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞ് പിറ്റേദിവസം രാവിലെ 11 വരെ പണിയെടുത്താല്‍ 50 രൂപ കൂലി കൊടുക്കും.നേരത്തെ മുപ്പതുരൂപയായിരുന്നു കൂലി. പിന്നീട് അയല്‍വാസിയായ മഹേഷ് ഇടപെട്ടാണ് അമ്പതുരൂപയാക്കി ഉയര്‍ത്തിയത്. കുടിവെള്ളമില്ല, ഗ്യാസ് കണക്്ഷനില്ല, വെളിച്ചമില്ല, കക്കൂസില്ല, നല്ല വസ്ത്രങ്ങളില്ല. അതിദയനീയമാണ് രാജന്റെ ജീവിതം.

തകരഷീറ്റുകൊണ്ടു മറച്ച വാതിലടച്ചാണ് തകര്‍ന്നുവീഴാറായ വീട് സുരക്ഷിതമാക്കുന്നത്. കുളിയും മറ്റു പ്രാഥമികാവശ്യങ്ങളും സമീപത്ത് എവിടെയെങ്കിലും പോയി കഴിക്കും.ഒന്നോ രണേ്ടാ ചെറിയ പാത്രത്തില്‍ എവിടെനിന്നെങ്കിലും വെള്ളം കൊണ്ടുവരും. ചുള്ളിക്കമ്പുകളും ഉണങ്ങിയ ഇലകളും പെറുക്കിക്കൂട്ടിയാണ് ഭക്ഷണം പാകം ചെയ്യല്‍. 15 അടി നീളവും ആറടിവീതിയുമുള്ള ഒറ്റമുറിയില്‍ തന്നെയാണ് അടുപ്പുകൂട്ടുക. ഈ അടുപ്പിനോട് ചേര്‍ന്ന് തറയില്‍ തന്നെയാണ് കിടപ്പും. വീട്ടുസാധനങ്ങളായി ഒന്നുമില്ല.

അയല്‍വാസികളാണ് രാജന്റെ സഹായത്തിനുള്ളത്. അയല്‍വീട്ടില്‍ എന്ത് ആഘോഷം നടന്നാലും അതിന്റെ പങ്ക് രാജനും നല്കും. അപകടം പതിയിരിക്കുന്ന കൂര പൊളിച്ചുമാറ്റി ഒറ്റമുറിയാണെങ്കിലും അത് ഉറപ്പോടുകൂടി പണിത് നല്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.സാങ്കേതികത്വം പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറിയാല്‍ പിന്നെ ദുരന്തം കാണേണ്ടി വരുമെന്നാണ് അയല്‍വാസികള്‍ നല്കുന്ന മുന്നറിയിപ്പ്. രാജനുള്ള എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ കാര്‍ഡാക്കി മാറ്റാനും നടപടിവേണമെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

Related posts