കണ്ണൂര്‍: വോട്ടുകച്ചവടത്തിലൂടെ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫ് പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നതിലും അക്രമം അഴിച്ചുവിടുന്നതിലും ഒന്നിച്ചാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്. സമ്പൂര്‍ണ പരാജയം ഉറപ്പായ യുഡിഎഫ് ഭരണസംവിധാനം ദുരുപയോഗം ചെയ്തും അക്രമം സംഘടിപ്പിച്ചും ജനവിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫിന്റെ പ്രചരണ സാമഗ്രികള്‍ ജില്ലയില്‍ വ്യാപകമായി നശിപ്പിക്കാന്‍ യുഡിഎഫിന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. പിണറായിയിലെ പ്രചാരണ ബോര്‍ഡുകള്‍ തീയിട്ട് നശിപ്പിച്ച ആര്‍എസ്എസ് ക്രിമിനല്‍ പ്രേംജിത്ത് ജില്ലയിലെ അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ കണ്ണിയാണ്.
കോണ്‍ഗ്രസ് നല്കുന്ന ലിസ്റ്റ് അനുസരിച്ചാണ് സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ പോലീസ് 107-ാം വകുപ്പു പ്രകാരം കേസെടുക്കുന്നത്. നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരുടെ പേരിലാണ് ഇതിനകം കേസെടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പിന്റെ തലേദിവസം പോലും കോടതിയില്‍ ഹാജരാവണമെന്ന നോട്ടീസാണ് സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നല്‍കിവരുന്നത്. മരണപ്പെട്ടവരുടെ പേരിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ പേരിലും കേസെടുത്തു. ഇത്തരത്തില്‍ നിയമവ്യവസ്ഥകളെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ് പോലീസ് നടപടികള്‍.
ജനങ്ങള്‍ക്കും സമൂഹത്തിനാകെയും ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ അക്രമങ്ങള്‍ നടത്താനിടയുണ്ടെന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ പോലീസിന് ബോധ്യം വന്നാല്‍ മാത്രമേ 107-ാം വകുപ്പുപ്രകാരം കേസെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ഒരു കേസിലും പ്രതിയല്ലാത്തവരുടെ പേരില്‍ പോലും 107-ാം വകുപ്പുപ്രകാരം കേസെടുത്ത പോലീസ് നടപടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ മാത്രമാണ്.
ഭരണവിലാസം സര്‍വീസ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുപ്പ് പ്രവൃത്തിക്ക് നിയോഗിക്കുകയും എല്‍ഡിഎഫ് അനുകൂല മുന്നേറ്റത്തെ തകര്‍ക്കാനുമുള്ള ശ്രമവും യുഡിഎഫ് സ്വീകരിക്കുകയാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി കാര്യങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്. ഇലക്ഷന് കമ്മീഷനെ ഉപയോഗിച്ച് കണ്ണൂരിലേക്ക് മാത്രമായി പ്രത്യേക ഉത്തരവുകള്‍ ഇറക്കിയിരുന്നു. നിയമത്തിനും ചട്ടത്തിനും വിരുദ്ധമായ നടപടിയാണിത്. രാജ്യത്താകെ പൊതുവായി ബാധകമാണ് ജനപ്രാതിനിധ്യ നിയമവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും.
ഒരു പ്രദേശത്തേക്ക് മാത്രമായി പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് വിവേചനപരമാണ്. ജില്ലയില്‍ യുഡിഎഫിന് കനത്ത പരാജയമാണ് സംഭവിക്കാന്‍ പോകുന്നതെന്നും ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും എല്‍ഡിഎഫിന് അനുകൂലമായ ജനമുന്നേറ്റം പ്രകടമാകുമെന്നും എം.വി. ജയരാജന് പറഞ്ഞു.