കണ്ണൂര്‍: ജില്ലയിലെ കൊലപാതക കേസുകളിലും രാഷ്ട്രീയ അക്രമക്കേസുകളിലും സമ്മര്‍ദത്തിനു വഴിപ്പെടാതെ യഥാര്‍ഥ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്. അന്വേഷണത്തില്‍ കാലതാമസമുണ്ടായാലും രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ യഥാര്‍ഥ പ്രതികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നു ജില്ലാ പോലീസ് ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എസ്പി പറഞ്ഞു.
സാമൂഹ്യദ്രോഹികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റിനും നിര്‍ദേശമുണ്ട്. ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി റെയ്ഡ് ശക്തമാക്കാനും തീരുമാനിച്ചു. മുമ്പ് രാഷ്ട്രീയ അക്രമക്കേസില്‍ ഉള്‍പ്പെട്ട് ഇതുവരെ പിടിയിലാകാത്തവരേയും വാറണ്ട് പ്രതികളെയും പിടികൂടാനും നിര്‍ദേശമുണ്ട്.
ജില്ലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാനും എസ്പി കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. രാഷ്ട്രീയ സമര്ദത്തിനു വഴങ്ങാതെ നിയമാനുസൃതം പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും എസ്പി പറഞ്ഞു. ഇന്നലെ രാവിലെ 10 ന് തുടങ്ങിയ യോഗം ഉച്ചകഴിഞ്ഞു മൂന്നിനാണ് അവസാനിച്ചത്. ജില്ലയിലെ എസ്ഐ മുതല്‍ ഡിവൈഎസ്പി വരേയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.