കാക്കനാട്: അമോണിയ പോലുള്ള രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകുന്നതില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കൊച്ചിന്‍ ഡിവിഷന്‍ ഫാക്ടിലേക്ക് ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. ബാര്‍ജുവഴിയുള്ള നീക്കം തടഞ്ഞതിനാല്‍ ഫാക്ടിലേക്കുള്ള അമോണിയ ഇപ്പോള്‍ ബുള്ളറ്റ് ടാങ്കര്‍ വഴിയാണ് കൊണ്ടുപോകുന്നത്. ഉദ്യോഗമണ്ഡലില്‍ ദിനംപ്രതി 500 ടണ്‍ അമോണിയ ഉത്പാദിപ്പിക്കുന്നുണ്ട്. അത് അമ്പലമേട്ടിലേക്കു കൊണ്ടുപോകും.
ഇപ്പോള്‍ 10 ടാങ്കറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മുംബൈയിലെ സ്വകാര്യ കമ്പനിക്കാണ് ഇതിന്റെ ചുമതല. മൂന്നു ടാങ്കറുകള്‍ പരിശോധനയില്‍ പോരായ്മകള്‍ കണ്ടതായി ആര്‍ടിഒ കെ.എം. ഷാജി അറിയിച്ചു. ഇത് പരിഹരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. ടാങ്കറുകളില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അറ്റന്‍ഡറെകൂടി നിയോഗിക്കണം. രാവിലെ എട്ടുമുതല്‍ 11 വരെയും വൈകുന്നേരം നാലു മുതല്‍ ആറു വരെയും രാസവസ്തുക്കള്‍ റോഡിലൂടെ കൊണ്ടുപോകാന്‍ പാടില്ല.
ബാര്‍ജില്‍ 60,000 ടണ്‍ അമോണിയ ഇതുവരെ കൊണ്ടുപോയിട്ടുണ്ട്. ഇതുവരെ അപകടമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസത്തേക്ക് ആദ്യമായാണെന്നും ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനിലെ പ്രൊഡക്ഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. അമ്പലമേട് ഡിവിഷന്‍ പ്രൊഡക്ഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. ശശിധരന്‍നായര്‍, ഇന്‍ഫോപാര്‍ക്ക് സിഐ സാജന്‍ സേവ്യര്‍, മൊബൈല്‍ സ്ക്വാഡ് എംവിഐ ജോര്‍ജ് തോമസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.