തളിപ്പറമ്പ്: രോഗം തളര്‍ത്തിയ കുടുംബത്തിന് സാന്ത്വന സ്പര്‍ശവുമായി വാട്സ് ആപ്പ് സൗഹൃദക്കൂട്ടായ്മ. പൂമംഗലം എന്റെ നാട് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയാണ് ഇരു വൃക്കകളും തകരാറിലായ പാറക്കണ്ടി ബാബുവിനും കുടുംബത്തിനും താങ്ങായി മാറിയത്. ലോക സൗഹൃദിന തലേന്നാണ് ഇവരുടെ ഈ മാതൃകാ പ്രവര്‍ത്തനം. വാട്ട്സ് ആപ്പ് കേവലം സമയം കൊല്ലാനുള്ള വിനോദോപാധി മാത്രമല്ല സാമൂഹ്യ സേവനത്തിനുള്ള മാര്‍ഗം കൂടിയാണെന്ന് തെളിയിക്കുകയാണ് പൂമംഗലം എന്റെ നാട് കൂട്ടായ്മ.
ഇരു വൃക്കകളും തകര്‍ന്ന പൂമംഗലത്തെ പാറക്കണ്ടി ബാബുവിന്റേയും കാന്‍സര്‍ ബാധിതയായ അമ്മ നളിനിയുടെയും രോഗത്തിനു മുമ്പില്‍ തളര്‍ന്നു പോയ കുടുംബത്തിന് 70,929 രൂപയാണ് ഈ യുവ കൂട്ടായ്മ സഹായധനമായി സ്വരൂപിച്ചു നല്‍കിയത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സംവിധായകന് ഷെറി തുക കൈമാറി. കേരള പോലീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.പി.സുമേഷ് മുഖ്യാതിഥിയായിരുന്നു. പൂമംഗലത്തെ യുവാക്കളുടെ ഈ കൂട്ടായ്മ സമൂഹത്തിനാകെ മാതൃകയാണെന്ന് ഇരുവരും പറഞ്ഞു. കെ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.