പട്ടാമ്പി: തിരുവേഗപ്പുറ പാക്കറത്ത് ഹംസയുടെ ഭാര്യ റംലയുടെ (42) മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി രംഗത്ത്. കഴിഞ്ഞ മാസം 17 ന് രാവിലെ റംലയുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ സമീപത്തെ വെള്ളമില്ലാത്ത പൊട്ടക്കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. മൃതശരീരത്തിന്റെ കിടപ്പും സാഹചര്യ തെളിവുകളും അതൊരു ആസൂത്രിതകൊലപാതകമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് സര്‍വകക്ഷി യോഗത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് റംലയുടെ സഹോദരങ്ങള്‍ നേരത്തെ പോലിസില്‍ പരാതിയും നല്‍കിയിരുന്നു.
എന്നാല്‍ റംലയുടേതെന്ന് പറയുന്ന ആത്മഹത്യാകുറിപ്പ് കിട്ടിയതിനെത്തുടര്‍ന്ന് പോലിസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. സംഭവം നടന്നിട്ട് 28 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നും ആക്ഷന്‍ കമ്മിറ്റി പറയുന്നു. മരണ ദിവസം കിണറ്റിലോ പരിസരപ്രദേശത്തോ ആത്മഹത്യ പ്രവണതയുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കെണ്ടത്താനായില്ലെന്നും എന്നാല്‍ മരണശേഷം കിണറിന്റെ ചുറ്റുവട്ടത്തും തീയിടുകയും കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുകയും ചെയ്തതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
ഇത് അസ്വാഭാവിക മരണത്തിന്റെ തെളിവുകള്‍ നശിപ്പാക്കാന്‍ ഇടവരുത്തിയിരിക്കാമെന്നും ആക്ഷന്‍ കമ്മിറ്റി സംശയം രേഖപ്പെടുത്തുന്നു. ഭര്‍ത്താവ് പുലര്‍ച്ചെ പള്ളിയില്‍ പോയ നേരത്താണ് സംഭവം നടന്നത് എന്ന് പറയുന്നു. മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. റംല ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ റംലയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണം. അല്ലാത്തപക്ഷം റംല മരിക്കാനിടയായ സാഹചര്യമെന്തെന്ന് കെണ്ടത്തേണ്ടതുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
മരണകാരണം മറ്റ് ഏജന്‍സികളെക്കൊണ്ട്് അന്വേഷിപ്പിക്കണമെന്നും അതുമായി ബന്ധപ്പെട്ട് മേലധികാരികള്‍ക്ക് പരാതി നല്കിയിട്ടുണ്ടെന്നെും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം.ടി. മുഹമ്മദലി, കെ. മുജീബ് റഹ്മാന്, ടി. പി .കേശവന്, എം. ടി. അഹമ്മദ്കുട്ടി, എം. ടി. മുഹമ്മദലി ബാവ അറിയിച്ചു.