റിയോയിലെ പ്രായം കുറഞ്ഞ താരം

sp-gouriറിയോ ഡി ഷാനെറൊ: റിയോ ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം നേപ്പാളിന്റെ നീന്തല്‍ താരം ഗൗരിക സിംഗാണ്. റിയോയില്‍ നീന്തല്‍കുളത്ത് ഇറങ്ങുന്ന ഈ പെണ്‍കുട്ടിക്കു പ്രായ 13 വര്‍ഷവും 235 ദിവസവുമാണ്. ലണ്ടനില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ഗൗരിക ഹെര്‍ട്‌ഫോഡ്ഷയറിലെ ഹാബെര്‍ഡാഷേഴ്‌സ് അസ്‌കെസ് ഗോള്‍സ് സ്കൂളില്‍ എട്ടാം ഗ്രേഡില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പെണ്‍കുട്ടി ഒരു പ്രത്യേക താരമാണെന്നും ഈ ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ഇവള്‍ എങ്ങനെ സമ്മര്‍ദത്തെ അതിജീവിച്ചു പോരാടുമെന്നും പിതാവ് പരസ് ഒളിമ്പിക്‌സിന്റെ വെബ്‌സൈറ്റില്‍ കുറിച്ചു.

ഗൗരികയാണ് റിയോ ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റെന്ന് ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ലഭിച്ചത്. അമ്മ ഗാരിമയാണ് ഗൗരികയുടെ പരിശീലനകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത്. ഗോഹട്ടിയില്‍ നടന്ന 12മത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ വെള്ളിയും 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ വെങ്കലവും നേടിയിരുന്നു. 200 മീറ്റര്‍ ബാക്‌സ്‌ട്രോക്, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനങ്ങളില്‍ അന്ന് ദേശീയ റിക്കാര്‍ഡ് സമയം കുറിക്കുകയും ചെയ്തിരുന്നു. ഒളിമ്പിക് മെഡലിനായി കഠിനായി ശ്രമിക്കുമെന്നും കൂടാതെ തന്റെ തന്നെ ദേശീയ റിക്കാര്‍ഡ് സമയം ഇവിടെ തിരുത്തുമെന്നും ഗൗരിക പറഞ്ഞു. 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ ഒരു മിനിറ്റ് 7.31 സെക്കന്‍ഡിന്റെ ദേശീയ റിക്കാര്‍ഡ് കുറിച്ചാണ് ഗൗരിക യോഗ്യത നേടിയത്.

Related posts