സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരളത്തിലെ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ വീഴുന്നത് പതിവായതോടെ പാതയില്‍ സേഫ്റ്റി ഓഡിറ്റിംഗ് നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. കേരളത്തിലെ 1050 കിലോമീറ്റര്‍ ദൂരമാണ് സേഫ്റ്റി ഓഡിറ്റിംഗ് നടത്തുക. കഴിഞ്ഞ 26ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ റെയില്‍വേ മന്ത്രിക്കും മറ്റു സഹമന്ത്രിമാര്‍ക്കും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കാലപ്പഴക്കംചെന്ന പാലങ്ങള്‍, പാളങ്ങള്‍ എന്നിവ മാറ്റുന്നത് സംബന്ധിച്ചുള്ള നിര്‍ണായക തീരുമാനം സേഫ്റ്റി ഓഡിറ്റിംഗിന് ശേഷമാണുണ്ടാവുക. ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സേഫ്റ്റി ഓഡിറ്റിംഗ് നടത്തുക. അടുത്ത കാലത്തായി കേരളത്തിലെ ട്രാക്കില്‍ വിള്ളല്‍വീഴുന്നത് പതിവാണ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് വെസ്റ്റ്ഹില്ലിന് സമീപവും വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാതയില്‍ ഇന്നും വേഗത കുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്.
ട്രാക്കിലുണ്ടാകുന്ന വിള്ളല്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുതിനാല്‍ വലിയ അപകടങ്ങളിലേക്ക് വഴിമാറാതെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടാറുള്ളത്. ട്രാക്കിലെ വിള്ളല്‍ കണ്ടെത്തുന്നതിന് ആധുനക സൗകര്യം ഉപയോഗിച്ചുള്ള പരിശോധന നടത്താനും തീരുമാനമുണ്ട്. കേരളത്തിലെ പാതയില്‍ അള്‍ട്രാ സോണിക്ക് ഫ്‌ളോ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധന ട്രാക്കുകളില്‍ നടത്തണമെന്ന ആവശ്യം നേരത്തേതന്നെ വിവിധ കോണില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് ആവശ്യമായ സംവിധാനവും അംഗബലവും കേരളത്തിലില്ലാത്തതാണ് ഇത്തരം പരിശോധനകള്‍ക്ക് തടസമാകുന്നത്.
കാലപ്പഴക്കം ചെന്ന ട്രാക്കുകളില്‍ സമയബന്ധിതമായ മാറ്റം വരുത്താത്തത് കേരളത്തില്‍ അപകടസാധ്യത കൂട്ടുമൊണ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ക്കെല്ലാം മുമ്പുണ്ടായിരുന്നതിലും ഭാരം കൂടിയിട്ടുണ്ട്. ട്രെയിനിന്റെ വേഗത്തിലും എണ്ണത്തിലും മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ട്രെയിനുകള്‍ ഓടുന്ന ട്രാക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാറ്റം വരുത്താന്‍ റെയില്‍വേ തയാറായിട്ടില്ല. ഓടുന്ന ട്രെയിനിന്റെ ഭാരം താങ്ങാന്‍ ശേഷിയില്ലാത്ത ട്രാക്കുകളാണ് ഇന്ന് കേരളത്തില്‍ പലതും. 150 വര്‍ഷത്തോളം പഴക്കമുള്ള ട്രാക്കുകളില്‍ ഏതുസമയവും വലിയ അപകടങ്ങള്‍ക്ക് കാരണമാകാമെന്നും ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.