റേഷന്‍കാര്‍ഡ് വിതരണത്തിലെ അപാകത: മന്ത്രി രാജിവയ്ക്കണമെന്ന് കൊടിക്കുന്നില്‍

ALP-KODIKUNNILകൊല്ലം: പാവപ്പെട്ട റേഷന്‍ കാര്‍ഡുടമകളുടെ റേഷനരി മുട്ടിച്ച് അവരെ പൊറുതിമുട്ടിക്കുന്ന ഇടതു സര്‍ക്കാര്‍ കേരളത്തിനപമാനമാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.കെപിസിസിയുടെ ആഹ്വാനപ്രകാരം ഡിസിസിയുടെ നിര്‍ദേശാനുസരണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംഘടിപ്പിച്ച വില്ലേജ് ഓഫീസ് മാര്‍ച്ചിന്റെ ജില്ലാതല ഉദ്ഘാടനം പത്തനാപുരം വില്ലേജ് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.

എപിഎല്‍ വിഭാഗത്തില്‍പ്പെട്ട അനര്‍ഹരായ ആളുകള്‍ക്ക് ബിപിഎല്ലിന്റെ ആനുകൂല്യം ലഭ്യമാക്കി പാവപ്പെട്ടവരുടെ റേഷന്‍ ആനുകൂല്യങ്ങള്‍ കവരുന്നതിനുള്ള സാഹചര്യമൊരുക്കുന്ന സമീപനമാണ് കേരള സര്‍ക്കാരിന്റേതെന്ന് എംപി കുറ്റപ്പെടുത്തി.കേരളത്തിലെ റേഷനിംഗ് സമ്പ്രദായം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് പാവപ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ പോലും കഴിയാത്ത പിടിപ്പുകെട്ട സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്‍ രാജിവയ്ക്കണം.

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരും, കേരളത്തിലെ പിണറായി സര്‍ക്കാരും റേഷനിംഗ് സമ്പ്രദായം അട്ടിമറിക്കാന്‍ മത്സരിക്കുകയാണ്.യുഡിഎഫിന്റെ കാലത്ത് ടി.എം.ജേക്കബ് മന്ത്രിയായിരുന്നപ്പോള്‍ അപേക്ഷിച്ചാല്‍ മണിക്കൂറുകള്‍ക്കകം റേഷന്‍കാര്‍ഡ് ലഭ്യമാക്കിയിരുന്ന സാഹചര്യമുണ്ടായിരുന്ന കേരളത്തില്‍ ഈ സര്‍ക്കാര്‍ റേഷനിംഗ് സംവിധാനമാകെ തകിടം മിറച്ചിരിക്കുകയാണ്.

റേഷന്‍ കാര്‍ഡ് പ്രശ്‌നത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാരും റേഷനരി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരും ഒരുപോലെ കുറ്റക്കാരാണ്. കേരളത്തിന് നേരത്തേ അനുവദിച്ചിരുന്ന അരിയും ഗോതമ്പും മണ്ണെണ്ണയും കൃത്യമായി പുന:സ്ഥാപിക്കുന്നതിന് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.

ഇതിനെതിരെയുള്ള ശക്തമായ ജനരോഷമാണ് വില്ലേജ് ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ നിഴലിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മങ്ങാട്, തൃക്കടവൂര്‍ വില്ലേജ് ഓഫീസുകളിലേക്ക് നടന്ന മാര്‍ച്ച് ഡിസിസി വൈസ് പ്രസിഡന്റ് സൂരജ് രവിയും, ഇരവിപുരത്ത് ഡിസിസി സെക്രട്ടറി എസ്. ശ്രീകുമാറും, മയ്യനാട്ട് കെപിസിസി സെക്രട്ടറി എ. ഷാനവാസ് ഖാനും, മുണ്ടയ്ക്കലില്‍ ജോസഫ് കുരുവിളയും ഉദ്ഘാടനം ചെയ്തു. കൊറ്റങ്കരയില്‍ കെ.ആര്‍.വി.സഹജനും, കുണ്ടറയിലും പേരയത്തും കെ. കരുണാകരന്‍പിള്ളയും, ആദിച്ചനല്ലൂരില്‍ എസ്.ശ്രീലാലും, ചാത്തന്നൂരില്‍ ചാത്തന്നൂര്‍ മുരളിയും, പൂയപ്പള്ളിയില്‍ ഡോ.ജി. പ്രതാപവര്‍മ്മതമ്പാനും ഉദ്ഘാടനം ചെയ്തു.

Related posts