കൊച്ചി: രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ജയിലിന്റെ മതിലില്‍ തീര്‍ത്ത റേ ഓഫ് ഹോപ് ഗ്രാഫിറ്റി ജയില്‍ നിവാസികളില്‍ സത്ചിന്ത വളര്‍ത്താന്‍ സഹായിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. എറണാകുളം ജില്ലാ ജയിലിന്റെ മതിലില്‍ രാജഗിരി വിദ്യാര്‍ഥികള്‍ തീര്‍ത്ത “റേ ഓഫ് ഹോപ്’ എന്ന ഗ്രാഫിറ്റി കലാസൃഷ്ടി അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിലില്‍ കഴിയുന്നവരെ നന്മയുടെ ലോകത്തേക്കു നയിക്കാന്‍ ഇത്തരം കലാസൃഷ്ടികള്‍ പ്രചോദനമാകും.
ലോകത്തിനു തന്നെ മാതൃകയായ പ്രവൃത്തിയാണിത്. ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കാന്‍ രാജഗിരി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ കാണിച്ച താത്പര്യം പ്രശംസനീയമാണ്. ഇനിയും ഇതുപോലുള്ള നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിന് രാജഗിരി പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.സ്വന്തം ഭൂതകാലത്തെയും ജീവിതത്തിലെ കഠിനതകളെയും അതിജീവിക്കുന്ന ഫീനിക്‌സ് പക്ഷിയെയാണ് ഈ കലാസൃഷ്ടി ചിത്രീകരിക്കുന്നതെന്ന് രാജഗിരി എന്‍ജിനിയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി പറഞ്ഞു. കാരാഗൃഹങ്ങളെക്കുറിച്ചും ദുര്‍ഗുണപരിഹാര പാഠശാലകളെക്കുറിച്ചുമുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ഇത്തരമൊരു ഉദ്യമം തെരഞ്ഞെടുത്തത്.
ജയിലിലെ ഏതൊരു തടവുകാരനും ഒരു നവജീവിതം സാധ്യമാണ് എന്ന ശുഭപ്രതീക്ഷയാണ് ഈ ചിത്രം നല്‍കുന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് അഭിമുഖമായി നില്‍ക്കുന്ന എറണാകുളം ജില്ലാ ജയിലിന്റെ മതിലില്‍ 20-20 അടി വലിപ്പമുള്ള അഞ്ച് ഭിത്തികളിലായി നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തിന് ഏകദേശം 2,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ജയില്‍വാസികളില്‍ ഒളിഞ്ഞുകിടക്കുന്ന നന്മയും അതുവഴി സാധ്യമാകാവുന്ന കാര്യങ്ങളും വരച്ചുകാട്ടുകയാണ് ബെര്‍ജര്‍ പെയിന്റ്‌സിന്റെയും ഹെര്‍മിറ്റ്‌സ് സ്റ്റുഡിയോസിന്റെയും സഹകരണത്തോടെ തയാറാക്കിയ കലാസൃഷ്ടിയുടെ ലക്ഷ്യം.
അനാഛാദന ചടങ്ങില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനൂ, ജയില്‍ എസ്പി അനില്‍കുമാര്‍, രാജഗിരി എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ. ഉണ്ണികൃഷ്ണന്‍, ആര്‍സിബിഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഐ. ഇഞ്ചോടി എന്നിവര്‍ സന്നിഹിതരായിരുന്നു.രാജഗിരി വിദ്യാര്‍ഥികളോട് ചേര്‍ന്ന് ചിത്രകാരന്മാരായ സാനന്ദ് രാജ് പൊന്നാടി, കെ.എസ്. സരുണ്‍, അജിത് ചന്ദ്രന്‍, അമല്‍ ജോസ്, അമല്‍ ജോഷി എന്നിവരുടെ സഹകരണത്തോടെ ഹെര്‍മിറ്റ്‌സ് സ്റ്റുഡിയോയിലെ കലാകാരന്മാരാണ് ചിത്രം രൂപകല്പന ചെയ്തത്. ചിത്രരചനയ്ക്ക് ആവശ്യമായ മുഴുവന്‍ പെയിന്റും ബെര്‍ജെര്‍ പെയിന്റ്്‌സ് സൗജന്യമായി നല്‍കി.