ആലപ്പുഴ: ദേശീയപാതയില്‍ വിവിധയിടങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ അനുദിനം വലുതാകുന്നത് ഏറെ അപകടസാധ്യതയും ഇന്ധനനഷ്ടവും വാഹനങ്ങള്‍ക്കു കേടുപാടുകളും ഉണ്ടാക്കുന്നതിനു പുറമേ പൊടിശല്യവും രൂക്ഷമായി. കുഴികള്‍ രൂപപ്പെടുന്നതിനനുസരിച്ചു റോഡില്‍ മെറ്റല്‍പ്പൊടികള്‍ വര്‍ധിച്ചതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ രൂക്ഷമായ പൊടിശല്യമാണ് ഉണ്ടാകുന്നത്. ദേശീയപാതയോരങ്ങളിലെ വീടുകളും കടകളും മറ്റു സ്ഥാപനങ്ങളും, ജംഗ്ഷനുകളിലെ ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും മറ്റുമാണ് ഇതിന്റെ ദുരിതമേറെ അനുഭവിക്കുന്നത്.
പൊടിശല്യംമൂലം പലരും മൂക്കുപൊത്തിയാണ് സഞ്ചരിക്കുന്നത്. സ്ഥിരം പൊടിശല്യം ഏല്‍ക്കുന്നവരില്‍ പലരും തൂവാലകള്‍കൊണ്ടു മുഖം മറച്ചാണ് ഓരോദിവസവും കഴിയുന്നത്. പലരും ജലദോഷം, തുമ്മല്‍, പനി ബാധിതരായി ആശുപത്രികളില്‍ ചികിത്സതേടി. പൊടിശല്യം സഹികെട്ടപ്പോള്‍ കഴിഞ്ഞദിവസം ദേശീയപാതയില്‍ തുമ്പോളി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്നു റോഡ് കഴുകി. ദേശീയപാതയിലെ കുഴികള്‍ പലതും ഓരോദിവസം കഴിയുന്തോറും പാതാളക്കുഴികള്‍ ആയിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ ഉദ്യോഗസ്ഥരോടൊപ്പം ആലപ്പുഴ വൈഎംസിഎ മുതല്‍ തോട്ടപ്പള്ളിവരെയുള്ള റോഡിന്റെ ഭാഗങ്ങള്‍ പരിശോധിച്ചു. ശവക്കോട്ടപ്പാലം മുതല്‍ ചേര്‍ത്തലവരെയുള്ള ഭാഗങ്ങളും മന്ത്രി പരിശോധിക്കുകയും അടിയന്തിരനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായി.