കോഴിക്കോട്: വര്‍ഷങ്ങള്‍ക്കു മുന്‍പ് റോഡിനായി സിഡിഎ അളന്നുതിട്ടപ്പെടുത്തിയ സ്ഥലം കൈയേറി രണ്ട് സ്വകാര്യ വ്യക്തികള്‍ വീടിന് ചുറ്റുമതില്‍ നിര്‍മിച്ച സംഭവത്തില്‍, നഗരസഭാ എഞ്ചിനിയര്‍ക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ രൂക്ഷ വിമര്‍ശനം. നഗരസഭയിലെ 13ാം വാര്‍ഡില്‍ കൂടി കടന്നുപോകുന്ന കോട്ടുളി- സിവില്‍സ്‌റ്റേഷന്‍- കരിക്കാംകുളം എംഎല്‍എ റോഡിലെ സിവില്‍സ്‌റ്റേഷന്‍ പരിസരത്താണ് പ്രദേശവാസികളായ രണ്ടുപേര്‍ റോഡ് കൈയേറിയത്. പൊതുപ്രവര്‍ത്തകനായ വെസ്റ്റ്ഹില്‍ കാര്യാട്ട് വയല്‍ സ്വദേശി പാടകശേരില്‍ എച്ച്.പ്രദീപ് വിവരാവകാശ നിയമപ്രകാരം പലതവണ ആവശ്യപ്പെട്ടിട്ടും മതില്‍ നിര്‍മാണത്തിന് അനുമതി ഇല്ലെന്ന കാര്യം നഗരസഭ മറച്ചുവച്ചു.
ഒടുവില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ ഇടപെട്ടതിനെതുടര്‍ന്ന് കൃത്യമായ മറുപടി നല്‍കിയ നഗരസഭാ എന്‍ജിനിയര്‍ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടു.സിവില്‍സ്‌റ്റേഷനില്‍ നിന്നും 250 മീറ്റര്‍ അകലെ കോട്ടുളി റോഡിലെ ‘തയ്ബ’ ഹൗസില്‍ സക്കറിയ, ‘ലീന്‍’ ഹൗസില്‍ റഫീക്ക് എന്നിവര്‍ റോഡ് കൈയേറി മതില്‍ നിര്‍മിച്ചുവെന്നാണ് പ്രദീപന്റെ പരാതി. നിര്‍ദിഷട എംഎല്‍എ റോഡിനായി വര്‍ഷങ്ങള്‍ക്കു മുന്‍പേ കാലിക്കട്ട് ഡവലപ്‌മെന്റ് അഥോറിറ്റി (സിഡിഎ) ഇയര്‍മാര്‍ക്ക് ചെയ്തതാണ് ചുറ്റുമതില്‍ നിര്‍മിച്ച ഭൂമി. കല്‍തൂണുകളും മുള്ളുകമ്പിയും ഉപയോഗിച്ച് റോഡിനുള്ള സ്ഥലം വേര്‍തിരിച്ചിട്ടെങ്കിലും അവ പിഴുതുമാറ്റി സ്വകാര്യവ്യക്തി കൈയടക്കി എന്നാണ് ആക്ഷേപം.
ചുറ്റുമതില്‍ നിര്‍മിച്ച ഭൂമി സക്കറിയയും റഫീക്കും വിലകൊടുത്ത് വാങ്ങിയതല്ലെന്നും ആധാരം പരിശോധിച്ചാല്‍ കൈയേറ്റം വ്യക്തമാകുമെന്നും ചുണ്ടിക്കാട്ടി പ്രദീപന്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നഗരസഭയിലെ രണ്ട് അപ്പലേറ്റ് അഥോറിറ്റിയടക്കം അധികൃതര്‍ മൂന്നുതവണയും മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. നഗരസഭയിലെ എന്‍ജിനിയറിംഗ് വിഭാഗം നടത്തിയത് പ്രഹസന അന്വേഷണമാണെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് പുകമറ സൃഷ്ടിച്ചുകൊണ്ടോ വിവരങ്ങള്‍ മറച്ചുവച്ചോ ആകരുതെന്നും വിന്‍സന്‍ എം.പോള്‍ നഗരസഭാ എന്‍ജിനിയര്‍ക്കു നല്‍കിയ ഉത്തരവിലുണ്ട്.
അദ്ദേഹം കോഴിക്കോട്ടെത്തി തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് നഗരസഭയ്ക്ക് ഉത്തരവ് നല്‍കിയത്. 15 ദിവസത്തിനകം അപേക്ഷകന് കൃത്യമായ മറുപടി സൗജന്യമായി രജിസ്‌റ്റേഡ് തപാലില്‍ അയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. അനധികൃത കൈയേറ്റം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജൂണ്‍ 27 ന് വീട്ടുടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയെങ്കിലും മതില്‍ അതേപടി നില്‍ക്കുകയാണ്.