കോഴിക്കോട്: കോര്‍പറേഷന്റെ നാല്‍ക്കാലി വേട്ട അവസാനിച്ചതോടെ നഗരവീഥിയില്‍ വീണ്ടും കുന്നുകാലികളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി ബൈക്കിന് മുന്നിലേക്ക് പശു ചാടിയതിനെ തുടര്‍ന്ന് യാത്രികനായ യുവാവ് റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരപരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പുതിയങ്ങാടി ജെഎസ് വില്ലയിലെ കെവന്‍ ടൈസനാണ് ബൈക്കില്‍നിന്നും പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 10ഓടെ ബീച്ച് റോഡിലൂടെ പുതിയങ്ങാടിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന കെവിന് ഗാന്ധിറോഡ് ജംഗ്ഷന് സമീപംവച്ചാണ് അപകടമുണ്ടായത്. കെവിന്‍ ഓടിച്ച ബൈക്കിന് മുന്നിലേക്ക് പശു പെട്ടെന്ന് ചാടുകായിയിരുന്നു. ഉടന്‍ തന്നെ ബ്രേക്ക് ചെയ്‌തെങ്കിലും തെറിച്ചു വീണ് സമീപത്തെ ലോറിയില്‍ തല ഇടിക്കുകയായിരുന്നു.
റോഡില്‍ അലഞ്ഞ് തിരിയുന്ന കാന്നുകാലികളെ പിടിച്ചുകെട്ടിയും ഉടമകള്‍ക്ക് പിഴയിട്ടും കോര്‍പറേഷന്‍ നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ നഗരത്തില്‍ കാലികളുടെ ശല്യത്തിന് ശമനമുണ്ടായിരുന്നു. എന്നാല്‍ കോര്‍പറേഷന്‍ അധികൃതര്‍ നടപടിയില്‍ നിന്നും പിറകോട്ട് പോയതോടെ വീണ്ടും ഇത്തരം അപകടങ്ങള്‍ പതിവായിരിക്കുകയാണ്.