ഒരിടവേളയ്ക്ക് ശേഷം നടി റോമ മലയാളത്തില്‍ മടങ്ങിയെത്തുന്നു. ജയറാമിനെ നായകനാക്കി ദീപന് സംവിധാനം ചെയ്യുന്ന സത്യ എന്ന സിനിമയിലൂടെയാണ് റോമയുടെ മടങ്ങിവരവ്. ചിത്രത്തില്‍ റോസി എന്ന നര്‍ത്തകിയുടെ വേഷമാണ് റോമയ്ക്ക്. തന്റേത് മുഴനീള കഥാപാത്രമാണെന്ന് റോമ പറഞ്ഞു. താന്‍ ആദ്യമായിട്ടാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും റോമ കൂട്ടിച്ചേര്‍ത്തു.
പോണ്ടിച്ചേരിയില്‍ പല പണികള്‍ ചെയ്യുന്ന, യാത്രകള്‍ ഇഷ്ടപ്പെടുന്ന സത്യ എന്ന ചെറുപ്പക്കാരനെയാണ് ജയറാം അവതരിപ്പി ക്കുന്നത്. അയാളുടെ ജീവിതത്തില്‍ യാദൃച്ഛികമായി സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് തമാശയും സസ്പെന്‍സും നിറച്ചുകൊണ്ട് സിനിമ പറയുന്നത്. സത്യ യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടിയാണ് റോസി (റോമ). ഇവരുടെ കൂടിച്ചേരലാണ് സിനിമയിലെ പ്രധാന മുഹൂര്‍ത്തം.
ഈ ചിത്രത്തിന്റെ കഥയ്ക്ക് വലിയ പ്രാധാന്യമില്ലെന്നും സിനിമയുടെ മേക്കിംഗിലാണ് പ്രത്യേകതയെന്നും തിരക്കഥാകൃത്ത് എ.കെ.സാജന് പറഞ്ഞു. ഷെഹനാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് ഷഹീദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപന്റെ പുതിയ മുഖം എന്ന സിനിമയിലൂടെ പ്രശസ്തനായ ഭരണി കെ. ധരനാണ്. ഗോപിസുന്ദറിന്റേതാണ് സംഗീതം.