ലഘുലേഖകളുമായി ആറംഗ മാവോയിസ്റ്റ് സംഘം; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം

mavoഎടക്കര: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഖകളുമായി ആറംഗ മാവോയിസ്റ്റ് സംഘം ഈങ്ങാറിലെത്തി. കരുളായി ഉള്‍വനത്തിലുള്ള മുണ്ടക്കടവ്, പൂളക്കപ്പാറ എന്നിവിക്കിടയിലുള്ള വനമേഖലയാണ് ഈങ്ങാര്‍. ഈങ്ങാറില്‍ ആദിവാസികളുടെ ഉത്സവം ഏപ്രില്‍ മാസത്തില്‍ നടക്കാറുണ്ട്. ഉത്സവ സമയമായതിനാല്‍ മേഖലയിലെ വിവിധ കോളനികളില്‍ നിന്നുള്ള ആദിവാസികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മാവോയിസ്റ്റുകള്‍ സ്ഥലത്തെത്തിയതെന്ന് കരുതുന്നു. വിവരമറിഞ്ഞ് പോലീസിന്റെ പ്രത്യേക സേന സ്ഥലത്തെത്തി വിതരണം ചെയ്ത ലഘുലേഖകളും മറ്റും പിടിച്ചടുത്തു. പ്രത്യേകസേന മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കും. എടക്കര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈങ്ങാര്‍.

ശനിയാഴ്ച രാവിലെയാണ് മാവോയിസ്റ്റുകള്‍ ഇവിടെയെത്തിയത്. വയനാട് സ്വദേശിയായ സോമന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് വന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇന്ത്യയിലെ ജനാധിപത്യം ഇവിടുത്തെ സമ്മതിദായകര്‍ക്ക് എന്ത് നല്‍കിയെന്ന് പരിശോധിച്ചിട്ടു വേണം അടുത്ത തെരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കണമെന്ന് തീരുമാനമെടുക്കേണ്ടതെന്ന് ലഘുലേഖയില്‍ പറയുന്നു.

ജനാധിപത്യ ഭരണകൂടും പുതുതലമുറയിലെ പൗരന്‍മാരെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികളുടെ അറസ്റ്റ്. സ്ത്രീകളുടെ അരക്ഷിതമായ ജീവിതത്തിനു ഇപ്പോഴും മാറ്റമുണ്ടായിട്ടില്ലെന്നതിന്റെ തെളിവുകള്‍ ധാരാളമാണെന്നും ലഘുലേഖയില്‍ പറയുന്നു. സ്വകാര്യ പണമിടപാടുകാരും പുതുതലമുറ ബാങ്കുകളും രാജ്യത്ത് സമാന്തരഭരണമാണ് നടത്തുന്നത്.

അന്താരാഷ്ട്ര വാണിജ്യ-വ്യവസായ കരാറുകള്‍ കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. വിലക്കയറ്റം കേരളത്തെ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സകല മര്യാദകളും മാന്യതകളും കൈവിട്ടുകൊണ്ടാണ് മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിനൊരുങ്ങുന്നതെന്നും ലഘുലേഖ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിച്ചുകൊണ്ട് പോരാട്ടങ്ങളില്‍  ഐക്യപ്പെടണമെന്നാണ്  നാടുകാണി ഏരിയാ സമിതി സിപിഐ (മാവോയിസ്റ്റ്) എന്ന പേരിലിറക്കിയ ലഘുലേഖയില്‍ ആവശ്യപ്പെടുന്നത്.

Related posts