ലോറി തട്ടി ചുവട് ഇളകിമാറി; പേട്ടക്കവലയിലെ ട്രാഫിക് ഐലന്‍ഡ് അപകടാവസ്ഥയില്‍

ktm-islandകാഞ്ഞിരപ്പള്ളി: നഗര മധ്യത്തില്‍ പേട്ടക്കവലയില്‍ ദേശീയ പാതയിലെ ട്രാഫിക് ഐലന്റ് അപകടാവസ്ഥയില്‍. 25 വര്‍ഷം പഴക്കമുള്ള ട്രാഫിക് ഐലന്‍ഡിന്റെ ചുവടു ഭാഗം ഇളകിയ നിലയിലാണ്. കഴിഞ്ഞ ദിവസം ഇതുവഴി കടന്നു പോയ ലോറി തട്ടിയതോടെ ചുവടു കൂടുതല്‍ ഇളകി. റോഡിലെ കുഴിയില്‍ ചാടാതെ വെട്ടിച്ചുമാറ്റുമ്പോഴാണ് വലിയ വാഹനങ്ങള്‍ ട്രാഫിക് ഐലന്റില്‍ തട്ടുന്നത്.

ചുവടു ഭാഗത്ത് വിസ്താരം കുറഞ്ഞ ഐലന്റ് ഏതുസമയവും നിലം പൊത്താവുന്ന വിധം അപകട സ്ഥിതിയിലാണ്. ഒട്ടേറെ ആളുകളും വാഹനങ്ങളും കടന്നു പോകുന്ന ടൗണിന് നടുവിലെ ട്രാഫിക് ഐലന്‍ഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ടൗണ്‍ വാര്‍ഡംഗങ്ങളായ എം.എ. റിബിന്‍ഷാ, ബീനാ ജോബി എന്നിവര്‍ ദേശീയ പാത വിഭാഗത്തിന് പരാതി നല്‍കി.

25 വര്‍ഷം മുന്‍പ് സ്വകാര്യ വ്യക്തി നിര്‍മിച്ചു നല്‍കിയതാണ് പേട്ടക്കവലയിലെ ട്രാഫിക് ഐലന്‍ഡ്. പിന്നീട് ഇതുവരെ ഇതില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. അപകടം മുന്നില്‍ കണ്ട് പോലീസോ ഹോം ഗാര്‍ഡുകളോ ഗതാഗതം നിയന്ത്രിക്കാന്‍ ഐലന്റില്‍ കയറാറില്ല. ഇതിന് സമീപത്തു നിന്നും മാറി നിന്നാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഏതു സമയവും ട്രാഫിക് ഐലന്‍ഡിന് ചുവട്ടിലൂടെ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രികര്‍ കടന്നു പോകുന്നതാണ്.

ട്രാഫിക് ഐലന്‍ഡ് പുനരുദ്ധാരണം ഉള്‍പ്പടെ പേട്ടക്കവലയില്‍ വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും വാര്‍ഡംഗം റിബിന്‍ഷാ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ദേശീയ പാതയുടെ ഇരുവശങ്ങളിലും ടൈല്‍ പാകി നവീകരിക്കുക, പാതയിലെ കുഴികള്‍ അടയ്ക്കുക, പേട്ടക്കവലയിലെ പാലത്തിന് വീതി കൂട്ടുക എന്നിവയും  പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യങ്ങളില്‍പ്പെടുന്നു.

Related posts