ലോറി സമരം കണെ്ടയ്‌നര്‍ നീക്കത്തെ ബാധിക്കുന്നു

EKM-CONTAINERമട്ടാഞ്ചേരി: പാര്‍ക്കിംഗ് സൗകര്യമൊരുക്കാത്ത കൊച്ചി തുറമുഖ ട്രസ്റ്റിന്റെ അനാസ്ഥയെ തുടര്‍ന്ന് കണ്ടെയ്‌നര്‍ ടെയ് ലര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത ട്രെയിലര്‍ പണിമുടക്ക് സമരം കണ്ടെയ്‌നര്‍ നീക്കത്തെ ബാധിക്കുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കെട്ടിക്കിടക്കുന്ന ആയിരത്തോളം കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തെ തകിടം മറിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

സമരം ഒരാഴ്ച പിന്നിട്ടാല്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം  മൊത്തത്തില്‍ സ്തംഭിക്കും. ഇത് ഒഴിവാക്കുവാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിക്കുവാനുള്ള അണിയറ പ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വല്ലാര്‍പാടം ടെര്‍മിനലില്‍ സര്‍വീസ് നടത്തുന്ന രണ്ടായിരത്തോളം ട്രെയ്‌ലറുകളാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. ടെര്‍മിനലില്‍ കണ്ടെയ്‌നറുകളുമായെത്തുന്ന ട്രെയ്‌നലറ്റുകള്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക, ട്രയ് ലര്‍ തൊഴിലാളികള്‍ക്ക് പ്രാഥമിക കര്‍മ്മം നിര്‍വഹിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുക ,അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ പിടിക്കപ്പെട്ട 30 ഓളം വാഹനങ്ങളെ കേസില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ട്രെയ്‌ലര്‍ ഉടമകള്‍ പണിമുടക്ക് സമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് കയറ്റുമതി വ്യവസായികളും ആശങ്കയിലാണ്.

Related posts