വനമേഖലയില്‍ കാട്ടുതീ വ്യാപകമായതോടെ വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക്

klm-fireപത്തനാപുരം: കിഴക്കന്‍ വനമേഖലയില്‍ കാട്ടുതീ വ്യാപകമായതോടെ വന്യമൃഗങ്ങള്‍  ജനവാസമേഖലയിലേക്ക് കടക്കുന്നു. ഇത് പ്രദേശവാസികളില്‍ ഭീതി പരത്തുന്നു. വേനല്‍ കടുത്തതോടെ കിഴക്കന്‍ വനമേഖലയായ അച്ചന്‍കോവില്‍, കറവൂര്‍, പാടം,ചെമ്പനരുവി ,വെരുകുഴി, മുള്ളുമല, കോട്ടക്കയം  പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നത് നിത്യസംഭവമായിരി ക്കുകയാ ണ്.

മുന്‍വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്തിന് മുന്‍പ്തന്നെ വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വനമേഖല രണ്ടായി പകുത്ത് ബൗണ്ടറി തെളിക്കല്‍ നടന്നിരുന്നു.ഇത് കാട്ടുതീ പടരുന്നത് തടഞ്ഞിരുന്നു.എന്നാല്‍ ഇത്തവണ അതിര്‍ത്തി തെളിയിക്കല്‍ ഇതുവരെയും നടന്നില്ല.ഫണ്ടിന്റെ അപര്യാപ്തതയാണ് അധികൃതര്‍ പറയുന്ന കാരണം.ഇതോടെ വി എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്.അതിര്‍ത്തി തെളിക്കല്‍ നടക്കാത്തത് കാട്ടുതീ പടരുന്നതിന് കാരണമാകുന്നു.

വെരുകുഴി,ചണ്ണയ്ക്കാമണ്‍ മേഖലകളില്‍ വനപ്രദേശം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.ഇവിടെ  കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന അവസ്ഥയാണ്.ഇത് വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.പകല്‍ സമയങ്ങളില്‍പോലും ജനവാസമേഖലയില്‍ കാട്ടുമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കോട്ടക്കയം മേഖലയിലെത്തിയ കാട്ടാനക്കൂട്ടം റോഡില്‍ നിലയുറപ്പിച്ചത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയിരുന്നു.വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ യാത്ര ചെയ്യുന്ന അലിമുക്ക് അച്ചന്‍കോവില്‍ പാതയാണിത്.

ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടംജനവാസമേഖലയിലിറങ്ങുന്നത്.കുരങ്ങ്,മയില്‍,കാട്ടുപന്നി തുടങ്ങിയവ മേഖലയില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും പതിവാണ് . കുട്ടികളെ സ്കൂളിലയയ്ക്കാന്‍ പോലും രക്ഷിതാക്കള്‍ മടിക്കുന്നു.

വേനല്‍ കടുത്ത് വനത്തിനുള്ളിലെ ജലസ്രോതസുകള്‍ വറ്റിയതും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതിന് കാരണമാകുന്നുണ്ട്.വനാതിര്‍ത്തിയില്‍ നിര്‍മിച്ചിരുന്ന കിടങ്ങുകള്‍ നികന്നതും,സൗരോര്‍ജ വേലികള്‍ തകര്‍ന്നതും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നതിന് കാരണമാണ്. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയും, അതിര്‍ത്തികളില്‍ കിടങ്ങുകളും,സൗരോര്‍ജവേലികളും  സ്ഥാപിച്ച് വന്യമൃഗശല്യം തടയണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related posts